തിരുവനന്തപുരം: സ്വന്തം ഓഫീസിന്റെ മറവിൽ നടന്ന സ്വർണക്കടത്തിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സെക്രട്ടേറിയറ്റിൽ വരെ എത്തിയെന്നും ഏത് നിമിഷവും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണ സംഘം എത്താമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കള്ളക്കടത്ത് കേസും സർക്കാരിന്റെ അഴിമതിയും സി.ബി.ഐ. അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. എം.പിമാർ, എം.എൽ.എ.മാർ യു.ഡി.എഫ്. ചെയർമാൻമാർ, കൺവീനർമാർ, ഡി.സി.സി. പ്രസിഡന്റുമാർ, യു.ഡി.എഫ്. നേതാക്കൾ എന്നിവർ നേതൃത്വം നൽകുന്ന 'സ്പീക്ക് അപ്പ് കേരള' സത്യാഗ്രഹം ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയർന്ന ആരോപണത്തെ കുറിച്ച് സോളാർ കേസിൽ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ച് അന്വേഷിച്ചതുപോലെ അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ. രാജ്യദ്രോഹകുറ്റത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇത്രയും കാലം മുഖ്യമന്ത്രിയുടെ കണ്ണും നാവുമായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറിയാണ് സ്വർണക്കടത്ത് സംഘത്തെ സഹായിച്ചത്. നാടുഭരിക്കുന്ന ആൾക്ക് സ്വന്തം ഓഫീസ് ഭരിക്കാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹം അധികാരത്തിൽ തുടരാൻ അർഹനല്ലെന്നും ചെന്നിത്തല പറഞ്ഞു.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന സത്യാഗ്രഹത്തിൽ നേതാക്കൾ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ അണിചേരും. സംസ്ഥാനതല ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൽ വാസ്നിക് സൂം ആപ്പിലൂടെ നിർവഹിച്ചു. ഒരു മണിക്ക് സമാപനം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി. ആസ്ഥാനത്തും ഉമ്മൻചാണ്ടി പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിലും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്തെ വസതിയിലും ആർ.എസ്.പി.നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എം.പി കൊല്ലത്തെ വസതിയിലും സത്യാഗ്രഹത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |