രാമക്ഷേത്ര നിര്‍മാണത്തിന് ആശംസകളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പ്രതികരണമൊന്നുറിയിച്ചില്ല. അതേസമയം ലീഗ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. ഇതുസംബന്ധിച്ച് ലീഗ് നാളെ അടിയന്തരയോഗവും വിളിച്ചിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചിരിക്കുകയാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
"പ്രിയങ്കാ ഗാന്ധിയടക്കം ഗത്യന്തരമില്ലാതെ അയോധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെ അനുകൂലിച്ച് രംഗത്തുവരുമ്പോൾ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഇപ്പോഴും നല്ല കുംഭകർണ്ണ സേവയിൽ ഉറങ്ങുമ്പോൾ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ?"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയങ്കാ ഗാന്ധിയടക്കം ഗത്യന്തരമില്ലാതെ അയോധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെ അനുകൂലിച്ച് രംഗത്തുവരുമ്പോൾ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഇപ്പോഴും നല്ല കുംഭകർണ്ണ സേവയിൽ ഉറങ്ങുമ്പോൾ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ? കുംഭകർണ്ണൻ ആറുമാസം ശരിക്കും ഉറങ്ങുകയായിരുന്നു. ഇക്കൂട്ടർ അങ്ങനെ നിഷ്കളങ്കരായി ഉറങ്ങുകയല്ല. ലീഗും പോപ്പുലർഫ്രണ്ടും പോലുള്ള മന്ഥരമാരുടെ ഉപദേശം കേട്ട് അഭിഷേകവിഘ്നത്തിനു തുനിഞ്ഞ കൈകേയി മനോഭാവമാണ് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്ക്. അവസാനം കേരളത്തിലെ കോൺഗ്രസ്സിന് രാവണന്റെ വിധിയാണ് വരാൻ പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |