ഹൃദയമുള്ളവരെയെല്ലാം വേദനിപ്പിക്കേണ്ടതാണ് സമീപദിവസങ്ങളിൽ നടന്ന രണ്ടു സംഭവങ്ങൾ. കാറിടിച്ചുവീണ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്ന ഡോക്ടറുടെ അപേക്ഷ കേൾക്കാതെ കുറേ ആളുകൾ നോക്കിനില്ക്കുന്നു. അവരുടെ ശരീരത്തിനല്ല, മനസിനാണ് കൊവിഡ് ബാധിച്ചതെന്ന് സാക്ഷ്യപ്പെടുത്തുകയാണ് രക്തം വാർന്ന് പൊലിഞ്ഞുപോയ ആ യുവാവിന്റെ പ്രാണൻ. തിരുവല്ല പുളിക്കീഴ് നടന്ന സംഭവത്തിനു പിറ്റേന്നാണ് നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ മൂന്ന് ആശുപത്രികൾ കാട്ടിയ അലംഭാവത്തെത്തുടർന്ന് പിടഞ്ഞുമരിച്ചത്. ആലുവ വളഞ്ഞമ്പലത്തു താമസിക്കുന്ന കൊല്ലം നെല്ലേറ്റിൽ സ്വദേശിനി നന്ദിനി മകൻ പൃഥ്വിരാജിനെയും കൊണ്ട് ഒരു പകലും രാത്രിയും മൂന്നു ആശുപത്രികൾ കയറിയിറങ്ങി. ആറ്റിൽ ഒഴുകിവരുന്ന അജ്ഞാത മൃതദേഹം അടുത്ത പൊലീസ് സ്റ്റേഷൻ അതിർത്തിയിലേക്ക് കുത്തിവിടുന്ന പഴയ പൊലീസുകാരെപ്പോലെ ഈ ആതുരാലയങ്ങളിലെ ഡോക്ടർമാർ ആ പിഞ്ചോമനയെ കൈയൊഴിഞ്ഞു. കുട്ടിയുമായി അലഞ്ഞ അമ്മയ്ക്കും മുത്തശ്ശിക്കും തുണയായി ഒപ്പമുണ്ടായിരുന്നത് ബാബു വറുഗീസ് എന്ന ആട്ടോ ഡ്രൈവർ. ട്രെയിൻതട്ടി അരയ്ക്കു താഴെ ചലനശേഷി നഷ്ടമായ മകൻ വീട്ടിൽ കിടക്കുന്നതിന്റെ വേദന ഉള്ളിലടക്കിയായിരുന്നു ബാബു അവർക്ക് തുണയായത്. ചൂർണിക്കര വില്ലേജ് ഓഫീസിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന ബാബു തന്റെ ആട്ടോയിൽ സൗജന്യമായി കൊണ്ടുപോവുക മാത്രമല്ല, അന്നത്തെ സമ്പാദ്യമായ 500 രൂപയും അവർക്കു നൽകി. കേരളകൗമുദിയിൽ ഇതു സംബന്ധിച്ചുവന്ന വിശദമായ വാർത്ത പലരുടെയും കണ്ണ് തുറപ്പിച്ചു. ബാബു വറുഗീസ്, നിങ്ങളാണ് നാടിന്റെ മാതൃകയെന്ന് കുമ്മനം രാജശേഖരൻ ഫേസ് ബുക്കിൽ കുറിച്ചു. അഭിനന്ദനങ്ങളുടെയും കാരുണ്യത്തിന്റെയും ആയിരം കരങ്ങൾ ബാബുവിലേക്ക് എത്തുകയാണിപ്പോൾ. ബാബുവിന്റെ 19 വയസുള്ള മകൻ സെബിന് ഉയിർത്തെഴുന്നേൽപ്പിന്റെ വഴി തുറക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
വഴിയിൽ പ്രാണനായി നിലവിളിക്കുന്ന ജീവനെ വാരിയെടുക്കാൻ കഴിയുന്നൊരു മാനസിക അവസ്ഥ ഉണ്ടായിരുന്നു മലയാളിക്ക്. നമ്മുടെ പട്ടിണിയെ നല്ലൊരളവിൽ ഉന്മൂലനം ചെയ്ത ഗൾഫ് ജീവിതം നഷ്ടപ്പെടുത്തിയത് കാരുണ്യത്തിന്റെ ഈ മതാതീത മാനസികാവസ്ഥയെക്കൂടിയാണ് എന്നു പറഞ്ഞാൽ അതിന്റെ പൊരുൾ എത്രപേർക്ക് മനസിലാവുമെന്ന് അറിയില്ല. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ഒരു മണ്ണെണ്ണ വണ്ടി(അന്നത്തെ പ്രയോഗം)മറിഞ്ഞു. ടാങ്കർ പൊട്ടി മണ്ണെണ്ണ കടച്ചാലിലൂടെ ഒഴുകി തോട്ടിലെത്തി. തോട്ടിൽ കോരിയെടുക്കാൻ പാകത്തിൽ കൂഞ്ഞാൻ(ചെറുമീൻ)ഉണ്ടായിരുന്ന കാലമായിരുന്നു അത്. നാവിൽ തുളുമ്പുന്ന രുചിയായിരുന്നു അതുവച്ചുണ്ടാക്കുന്ന മീൻ തോരന്. മണ്ണെണ്ണ വണ്ടി മറിഞ്ഞതോടെ തോട്ടിലെ മീൻ കഴിക്കാൻ കൊള്ളാതായി. മീനിന് മണ്ണെണ്ണയുടെ അരുചി. വർഷങ്ങളോളം ആ അവസ്ഥ നിലനിന്നു. പിന്നീട് മീനിന്റെ ആ ഗ്രാമ്യവംശം തന്നെ നശിച്ചുപോയി. മണ്ണെണ്ണ വണ്ടി മറിഞ്ഞ് രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം അന്ന് മറ്റൊരു കാര്യം കൂടി സംഭവിച്ചു. മണ്ണെണ്ണ കോരാനായി ആളുകൾ കലവും ചട്ടിയുമായി ഓടുന്ന രംഗമായിരുന്നു അത്. പനമൂട്ടിൽ വളവ് എന്നാണ് വണ്ടി മറിയുന്ന ആ കൊടുംവളവിന്റെ പേര്. നാഷണൽ ഹൈവേ (അന്നത്തെ എൻ.എച്ച് 47) വികസിപ്പിച്ചതോടെ ആ വളവ് ഇല്ലാതായി. മണ്ണെണ്ണ വണ്ടിക്കു ശേഷം പിന്നൊരിക്കൽ അവിടെ ഒരു പെട്രോൾ ടാങ്കർ മറിഞ്ഞു. അന്നും ആളുകൾ പെട്രോൾ കോരിയെടുത്തു. അതിനുശേഷം രാത്രിയിൽ ഒരു ബസ് മറിഞ്ഞു. അന്നും നാട്ടുകാർ മണ്ണെണ്ണപ്പാട്ടയുമായി ഓടി എന്നാണ് കഥ. പക്ഷേ, അക്കാലത്തും തുടർന്നും അപടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ആളുകൾ ഓടിയെത്തുമായിരുന്നു. ഏതു പാതിരാവിലും അതിന് മങ്ങലേറ്റിരുന്നില്ല.
തനിക്ക് എന്ത് സംഭവിക്കുമെന്നോ തന്റെ സമയം പാഴാകുമെന്നോ ആരും ചിന്തിച്ചിരുന്നില്ല. രക്ഷിക്കുന്നവരും ആവരെ ആശുപത്രിയിലെത്തിക്കുന്നവരും കേസിൽ പ്രതികളാകുന്ന സ്ഥിതിവിശേഷം പിന്നീടുണ്ടായതാണ്. വാഹനാപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും ആളുകൾ പേടിക്കുന്ന അവസ്ഥയുണ്ടാക്കി ഇത്. കുഴപ്പം തിരിച്ചറിഞ്ഞ് സർക്കാർ തലത്തിൽത്തന്നെ ആ ഏർപ്പാട് ഇല്ലാതാക്കി. പൊലീസ് അക്കാര്യം പ്രത്യേകം ശ്രദ്ധിക്കാനും തുടങ്ങി. എന്നാൽ, ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ തനിക്കെന്താ എന്ന മനോഭാവം വ്യാപകമാവുകയാണിപ്പോൾ. രക്ഷാപ്രവർത്തനം ജനകീയമല്ലാതായിരിക്കുന്നു. കൊവിഡ് ഭീതി വന്നതോടെ രക്ഷാപ്രവർത്തനത്തിന് അതും ഒരു തടസമായ അവസ്ഥ. രോഗം ഒരു കുറ്റമാണോ എന്ന് അശ്വമേധം എന്ന നാടകത്തിലൂടെ തോപ്പിൽ ഭാസി ചോദിച്ചത് നമുക്ക് ഒന്നുകൂടി കേൾക്കാം. ഇപ്പോൾ മനുഷ്യന് നശിപ്പിക്കാനാണ് പൊതുവേ താത്പര്യം. രക്ഷിക്കുക, സഹായിക്കുക അഥവാ കരുതുക എന്നത് ഉപചാരവാക്ക് മാത്രമായിരിക്കുന്നു. രക്ഷിക്കാൻ ദൈവങ്ങളുണ്ട് മനുഷ്യരായ നമുക്ക് എന്ത് ചെയ്യാനാവും എന്ന തത്ത്വശാസ്ത്രമാണോ അതിന് പ്രേരണ. ഒരിക്കലുമല്ല. സ്വാർത്ഥതയും അജ്ഞത സൃഷ്ടിക്കുന്ന ആർത്തിയും ചേർന്ന് മനുഷ്യനെ നപുംസകമാക്കിക്കൊണ്ടിരിക്കുന്നു. കരുതലും കാരുണ്യവും കനിവും അന്യമാകുന്നു. രക്ഷിക്കുന്നതിനേക്കാൾ താത്പര്യം നശിപ്പിക്കുന്നതിനാവുന്നു. ഈ വിപരീത കാലാവസ്ഥയിൽ മനുഷ്യർ ചെയ്തുകൂട്ടുന്ന ദുഷ്ചെയ്തികളുടെ ഭാരത്താൽ ഭൂമി പാതാളത്തിലേക്ക് താണുപോകില്ലേ എന്ന് തോന്നിപ്പോകും. ബാബു വറുഗീസിനെപ്പോലുള്ള നല്ല മനുഷ്യർകൂടി ഈ ഭൂമുഖത്തുള്ളതുകൊണ്ടാവാം അങ്ങനെ സംഭവിക്കാത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |