നെടുമങ്ങാട്: മരച്ചീനി കൃഷിയിൽ നൂറുമേനി വിളവുണ്ടായിട്ടും കൊവിഡ് പ്രതിസന്ധി കാരണം ന്യായവില കിട്ടാതെ ഉഴലുകയാണ് കർഷകർ. 'കപ്പയുടെ കോമ്പിനേഷനായ" മീനിന്റെ ലഭ്യതയിലുണ്ടായ തിരിച്ചടിയും സീസണിന് ഗുണം ചെയ്യാതെ പോയതിനു കാരണമാണെന്ന് കർഷകർ പറയുന്നു. ജില്ലയിൽ മത്സ്യക്കമ്പോളം അടച്ചിട്ടിട്ട് ആഴ്ചകളായി. മലനാട്ടിൽ കൃഷിചെയ്യുന്ന മരച്ചീനി തലസ്ഥാനത്തെ മാർക്കറ്റുകളിലും വഴിയോരങ്ങളിലുമാണ് വിറ്റഴിച്ചിരുന്നത്. ഒരു കിലോ കപ്പയ്ക്ക് 35 മുതൽ 45 രൂപ വരെ നഗര പ്രദേശങ്ങളിൽ ലഭിച്ചിരുന്നു. ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ നഗരത്തിലെ മരച്ചീനി കച്ചവടം പൂർണമായും നിലച്ചു. നാട്ടിൻപുറങ്ങളിൽ 25 രൂപ ലഭിക്കുമ്പോൾ, കർഷകനു കിട്ടുക 13 രൂപ മാത്രമാണ്. ലോക്ക് ഡൗൺ കാലത്ത് നെടുമങ്ങാട് താലൂക്കിൽ വ്യാപകമായി നടന്ന മരച്ചീനി കൃഷിയുടെ വിളവെടുപ്പിൽ നഷ്ടത്തിന്റെ കണക്ക് മാത്രമാണ് കർഷകർക്ക് പറയാനുള്ളത്. പുരയിടകൃഷി മാത്രമല്ല, വീടുകളുടെ ടെറസിലും മുറ്റത്തും വരെ മരച്ചീനി തലയുയർത്തി നിൽപ്പുണ്ട്. നെടുമങ്ങാട്ട് ഇരുപതിലേറെ പഞ്ചായത്തുകളിലായി 500 ഹെക്ടർ പ്രദേശത്ത് മരച്ചീനി കൃഷി ഉണ്ടെന്നാണ് കൃഷി ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ആനാട് പാലോട്ടുകോണത്തെ 2.5 ഏക്കർ സ്ഥലത്ത് ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ കൃഷിചെയ്ത 'പവിത്ര" ഇനത്തിൽപ്പെട്ട മരച്ചീനിയുടെ വില്പന ഒരു മാസമായി മുടങ്ങിക്കിടപ്പാണ്. നഗരത്തിൽ നിയന്ത്രണം വരുന്നതിനു മുൻപ് 25 രൂപ വില പറഞ്ഞുറപ്പിച്ച കപ്പയ്ക്കാണ് ഈ ഗതികേട്. കൃഷിഭവന്റെ കീഴിലുള്ള ഇക്കോഷോപ്പ് മുഖേന മരച്ചീനി വിറ്റഴിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
മലനാടിന്റെ മരച്ചീനി
ഭക്ഷ്യസുരക്ഷയിൽ ആശങ്ക പരന്ന കാലത്തെല്ലാം മലനാടിന്റെ അത്താണിയായിരുന്നു മരച്ചീനി. അരിയുടെ കുറവ് മരച്ചീനി കൊണ്ട് പരിഹരിച്ചിരുന്ന കാലം നെടുമങ്ങാടുകാരുടെ ഓർമ്മയിലുണ്ട്. കരിപ്പൂര് കപ്പ എന്ന പേരിലുള്ള നാടൻകപ്പ നെടുമങ്ങാടിന്റെ തനത് ഇനമാണ്. അരിക്ഷാമം ഇല്ലാതായതും റബർ കൃഷിയുടെ കടന്നു കയറ്റവുമാണ് മരച്ചീനിക്കൃഷിയെ പിന്നോട്ടടിച്ചത്. ഇവിടത്തെ മണ്ണ് ഘടന മരച്ചീനി കൃഷിക്ക് ഏറെ അനുയോജ്യമാണ്. മികച്ച വിപണി ഒരുക്കിയാൽ കൊവിഡ് കാലത്തെ ഭക്ഷ്യപ്രതിസന്ധി അകറ്റാൻ മരച്ചീനി തന്നെ ധാരാളം.
നടുന്ന രീതി
കപ്പക്കമ്പിന്റെ താഴത്തെ പത്തു സെന്റീമീറ്ററും മുകളിലെ 30 സെന്റീമീറ്ററും ഒഴിവാക്കി വേണം നടാനുള്ള കമ്പ് മുറിച്ചെടുക്കാൻ. 15 -20 സെ.മീറ്റർ നീളത്തിൽ മുറിച്ച കമ്പ് 4-5 സെ.മീറ്ററിലധികം താഴാതെ മൺകൂനയിൽ കുത്തനെ നിറുത്തി നടണം. പാലോട് എണ്ണപ്പന ഗവേഷണ കേന്ദ്രത്തിലും ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലും മികച്ചയിനം മരച്ചീനി കമ്പ് ആവശ്യക്കാർക്ക് ലഭിക്കും.
പ്രധാന ഇനങ്ങൾ
മലയൻ
റൊട്ടിക്കപ്പ
ഏത്തക്കപ്പ
പതിനെട്ട്
കട്ടൻകപ്പ
ആനമറവൻ
ആമ്പക്കാടൻ
പുല്ലാനിക്കപ്പ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |