അടിമാലി: കേരളത്തിലെ മുഴുവൻ കൃഷിഭവനുകളിലും അസിസ്റ്റന്റ് കൃഷി ഓഫീസർ തസ്തിക സൃഷടിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ പറഞ്ഞു. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ അടിമാലി മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ 614 കൃഷിഭവനുകളിൽ മാത്രമാണ് ഈ തസ്തികയുള്ളത്. മുഴുവൻ കൃഷിഭവനുകളിലേക്കും അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർമാരെ നിയമിച്ചാൽ ജീവനക്കാർക്കും പൊതു സമൂഹത്തിനും ഗുണകരമാകും. ജില്ലാ കമ്മിറ്റി അംഗം കെ.ബി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.കെ. ജിൻസ് മുഖ്യപ്രഭാഷണം നടത്തി. പൊതുസ്ഥലം മാറ്റത്തിന് സ്വതന്ത്ര്യ സോഫ്റ്റ് വെയർ നടപ്പിലാക്കുക, കൃഷി വകുപ്പിലെ സ്‌പെഷ്യൽ റൂൾസ് നടപടികൾ വേഗത്തിലാക്കുക, കൃഷി അസിസ്റ്റന്റ് തസ്തിക പുനർനാമകരണം ചെയ്യുക, പുതുതായി രൂപീകരിക്കപ്പെട്ട മുഴുവൻ മുനിസിപ്പൽ കൃഷി ഭവനുകളിലും അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ പ്രമേയങ്ങളും കൺവെൻഷൻ അവതരിപ്പിച്ചു. ജില്ലാ വനിതാ കമ്മിറ്റി അംഗം യു.കെ. അനു, പി.കെ. ബിജോയി, കെ. സന്തോഷ്, കെ.കെ. ഷാജഹാൻ, അനഘ മോഹനൻ എം. പെരുമാൾ എന്നിവർ സംസാരിച്ചു. കെ.എ.ടി.എസ്.എ ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ. സിന്ധു സ്വാഗതവും ആർ. രജീഷ നന്ദിയും പറഞ്ഞു. പുതിയ ബ്ലോക്ക് കൺവീനർമാരായി എസ്. ഷെഫീക്ക് (ദേവികുളം), അനഘ മോഹനൻ (നെടുങ്കണ്ടം), ഇ.കെ. ഷിബു (അടിമാലി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |