മലപ്പുറം:അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം സ്വാഗതം ചെയ്തുകൊണ്ടുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തി . ദേശീയസമിതി യോഗം ചേർന്ന് പാർട്ടിയുടെ വികാരം കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കാൻ പാണക്കാട്ട് ചേർന്ന ഹൈപവർ കമ്മിറ്റി തീരുമാനിച്ചു.ഇന്ന് രാവിലെ 11ന് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം.
രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിക്കാത്തതിനാൽ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലായിരുന്നു ലീഗ് നേതൃത്വം. പരസ്യ പ്രതികരണം തിരിച്ചടിക്കുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ കമൽനാഥും ദ്വിഗ്‌വിജയ് സിംഗും രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്തപ്പോഴും ,സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ പറയുന്നതാണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടെന്ന് പറഞ്ഞാണ് ലീഗ് നേതൃത്വം പ്രതിരോധിച്ചത്. ഇന്നലെ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റോടെ കടുത്ത പ്രതിസന്ധിയായി.രാമക്ഷേത്രത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്നും രാമൻ എല്ലാവർക്കുമൊപ്പമുണ്ടെന്നുമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ഇന്നത്തെ യോഗത്തിൽ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി.അബ്ദുൾ വഹാബ് എം.പി തുടങ്ങിയവർ നേരിട്ടും ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീനും വിവിധ സംസ്ഥാനങ്ങളിലെ ദേശീയ ഭാരവാഹികളും ഒാൺലൈനായും പങ്കെടുക്കും. ദേശീയസമിതിക്കു ശേഷം നിലപാട് വ്യക്തമാക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും, പ്രിയങ്കയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീറും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |