തിരുവനന്തപുരം: നഷ്ടത്തിൽ കൂപ്പുകുത്തി നിൽക്കുന്ന കെ.എസ്.ആർ.ടി.സിക്ക് എട്ടുകോടി നൽകുന്നതിലൂടെ സംസ്ഥാന വനിതാ വികസന കോർപ്പറേഷന് കൈവരുന്ന ലാഭം ഏഴ് കോടി!! ഇതെന്തൊരു മറിമായം എന്ന ചോദ്യമാവും അപ്പോഴുയരുക. എന്തിന് വനിതാ വികസന കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് പണം നൽകുന്നു എന്ന സംശയവും. ആസ്ഥാന മന്ദിരത്തിനായി സ്ഥലം അന്വേഷിച്ചു നടന്ന വനിതാ വികസന കോർപ്പറേഷന് തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സിയുടെ വക ട്രാൻസ് പോർട്ട് ഭവനിൽ സ്ഥലം നൽകുന്നു എന്നതാണ് സിംപിളായ ഉത്തരം. രണ്ടും ഭരിക്കുന്നത് ഒരേ ഐ.എ.എസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ടാണെന്നും പറയാം. ഇതിലൂടെ വനിതാ കോർപ്പറേഷന് കൈവന്നത് 32 വർഷത്തെ കാത്തിരിപ്പിന്റെ സാഫല്യം. കെ.എസ്.ആർ.ടി.സിക്കാവട്ടെ നേരിയൊരു ആശ്വാസത്തിന്റെ നെടുവീർപ്പും.
ട്രാൻസ്‌പോർട്ട് ഭവനിലെ കെ.എസ്.ആർ.ടി.സിയുടെ സ്ഥലം മുപ്പത് വർഷത്തേക്ക് പാട്ടത്തിനെടുത്താണ് വനിതാ വികസന കോർപ്പറേഷൻ ആസ്ഥാന മന്ദിരമാകുന്നത്. ഇതിന് കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന പാട്ടത്തുകയാണ് എട്ടു കോടി. 15 കോടി രൂപ വായ്‌പയെടുത്ത് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ തയാറെടുത്തിരുന്ന വനിതാ വികസന കോർപ്പറേഷൻ ഇതിലൂടെ ലാഭിക്കുന്നത് ഏഴ് കോടി രൂപയും. 1988ൽ സ്ഥാപിതമായ വനിതാ കോർപ്പറേഷന്റെ ദീർഘ നാളായുള്ള സ്വപ്‌നമാണ് ഇപ്പോൾ സഫലമാകുന്നത്.
ഇരുകൂട്ടരും ഒന്നിച്ച കഥയിങ്ങനെ
രണ്ട് വർഷമായി ട്രാൻസ്‌പോർട്ട് ഭവനിൽ 15,500 സ്‌ക്വയർ ഫീറ്റ് സ്ഥലം വെറുതെ കിടക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി പലകാലത്തായി മോട്ടോർ വാഹന വകുപ്പിന് കോടിക്കണക്കിന് രൂപ നൽകാനുണ്ട്. ഇതിന് പരിഹാരം എന്ന നിലയിൽ മോട്ടോർ വാഹന വകുപ്പിന് സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാനായിരുന്നു സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകിയ നിർദേശം. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവും പുറത്തിറങ്ങി.
വരുമാനമുള്ള മോട്ടോർ വാഹന വകുപ്പിന് സൗജന്യമായി സ്ഥലം വിട്ടുകൊടുക്കുന്നത് കെ.എസ്.ആർ.ടി.സിയിൽ മുറുമുറുപ്പുണ്ടാക്കി. സ്ഥലം സൗജന്യമായി വിട്ടുകൊടുത്താൽ കെ.എസ്.ആർ.ടി.സിക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന് മാനേജിംഗ് ഡയറക്‌ടർ ബിജു പ്രഭാകർ വകുപ്പ് സെക്രട്ടറിയേയും ഗതാഗതമന്ത്രിയേയും നേരിൽ കണ്ട് ബോധിപ്പിച്ചു. കെ.എസ്.ആർ.ടി.സിക്ക് വരുമാനം കിട്ടുന്ന തരത്തിൽ സ്ഥലം എങ്ങനെ ഉപയോഗിക്കാം എന്നായിരുന്നു സർക്കാരിൽ നിന്നുള്ള മറുചോദ്യം.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി കൂടിയായ ബിജുപ്രഭാകർ തന്റെ കീഴിലുള്ള വനിതാ വികസന കോർപ്പറേഷന് സ്വന്തമായി ആസ്ഥാനമില്ലാത്ത കാര്യം ഗതാഗതമന്ത്രിയെ അറിയിച്ചു. ട്രാൻസ്‌പോർട്ട് ഭവനിലെ സ്ഥലം അതിനായി ഉപയോഗിക്കാമെന്നും കെ.എസ്.ആർ.ടി.സിക്ക് ഗുണപ്രദമാകുന്ന തരത്തിൽ വരുമാനം കണ്ടെത്താമെന്നുമായിരുന്നു ബിജു പ്രഭാകറിന്റെ നിർദേശം. ആദ്യം എതിർത്തെങ്കിലും സാദ്ധ്യതകൾ പഠിക്കാൻ എം.ഡിയോട് മന്ത്രി നിർദേശിച്ചു.
ബാങ്കിൽ നിന്ന് 15 കോടി രൂപ വായ്‌പയെടുത്ത് സ്വന്തമായി ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വനിതാ വികസന കോർപ്പറേഷൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയടക്കം പല കാരണങ്ങൾ ഇതിന് വിലങ്ങുതടിയായെങ്കിലും ബാങ്കുമായുള്ള ചർച്ച കോർപ്പറേഷൻ തുടർന്നു. അതിനിടെയാണ് ട്രാൻസ്‌പോർട്ട് ഭവനിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തെപ്പറ്റി ബിജുപ്രഭാകർ വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സണേയും എം.ഡിയേയും ധരിപ്പിച്ചത്.
ബാങ്കിൽ നിന്ന് 15 കോടി വായ്‌പ എടുക്കുന്നതിനെക്കാൾ കെ.എസ്.ആർ.ടി.സി മുന്നോട്ടുവച്ച നിർദേശമാണ് ലാഭകരമെന്ന് വനിതാ വികസന കോർപ്പറേഷന് ബോദ്ധ്യപ്പെട്ടു. തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം മുപ്പത് വർഷത്തേയ്ക്ക് എട്ടു കോടി രൂപ നൽകി സ്ഥലം പാട്ടത്തിന് എടുക്കാൻ തീരുമാനിച്ചു. ഇതുവഴി കെ.എസ്.ആർ.ടി.സിക്ക് എട്ടു കോടി കിട്ടിയപ്പോൾ വനിതാ വികസന കോർപ്പറേഷന് ഏഴ് കോടി ലാഭിക്കാനായി.
ക്ലൈമാക്സ് സൂപ്പർ
ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റ് വന്നതോടെ ധനമന്ത്രി അടക്കം ധനവകുപ്പ് ആകെ ഹാപ്പിയായി. മോട്ടോർ വാഹന വകുപ്പിന് സ്ഥലം കൈമാറി കൊണ്ടുള്ള ഉത്തരവ് ഉടനടി പിൻവലിക്കുകയും വനിതാ വികസന കോർപ്പറേഷന് സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറപ്പെടുവിക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |