ന്യൂഡൽഹി : കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായി തങ്ങളുടെ ഓഫർ പെരുമഴയായ പ്രൈ ഡേ അവതരിപ്പിക്കനൊരുങ്ങി ആമസോൺ. ഓഗസ്റ്റ് 6,7 തീയതികളിലായാണ് വില്പന. നൂറുകണക്കിന് എക്സ്ക്ലൂസീവ് ഉത്പന്നങ്ങൾ, പുത്തൻ പുതിയ ഉത്പന്നങ്ങൾ, ക്യാഷ് ബാക്ക് ഓഫറുകൾ, ഡിസ്കൗണ്ട് തുടങ്ങിയവ ആനുകൂല്യങ്ങൾ ഉപഭോക്താവിന് പ്രൈം ഡേയിൽ ലഭ്യമാകും. എന്നാൽ മുമ്പത്തെ പോലെയല്ല ഇപ്പോൾ പ്രൈം ഡേയ്ക്ക് മുന്നോടിയായുള്ള ആമോസോണിന്റെ തയാറെടുപ്പുകൾ.
ഇത്തവണ വെർച്വൽ ഓപ്പറേഷൻ റൂം വഴിയാണ് ആമസോണിന്റെ എല്ലാ പ്രവർത്തനങ്ങളും മുന്നോട്ട് പോകുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് ജീവനക്കാർ തങ്ങളുടെ വീടുകളിൽ നിന്നുമാണ് വില്പന ഏകോപിപ്പിക്കുന്നത്. അത് പോലെ തന്നെ ഉത്പന്നങ്ങൾ പായ്ക്ക് ചെയ്യുന്നവർ, തരംതിരിക്കുന്നവർ, ഡെലിവറി നടത്തുന്നവർ തുടങ്ങിയവർക്ക് കർശനമായ സുരക്ഷാ പ്രോട്ടോക്കോളുമുണ്ട്.
ഏറെ വെല്ലുവിളികൾ മറികടന്നാണ് ഈ - കൊമേഴ്സ് ഭീമൻമാരായ ആമസോൺ ഇത്തവണ ഇന്ത്യയിൽ തങ്ങളുടെ പ്രൈം ഡേ അവതരിപ്പിക്കുന്നത്. ആമോസണിന്റെ സ്ഥാപകനും ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയുമായ ജെഫ് ബെസോസിന് ഇന്ത്യൻ ഉപഭോക്താക്കൾ ഏറെ നിർണായകവുമാണ്. യു.എസിൽ സാധാരണ ജൂലായിലായിരുന്നു ആമസോൺ പ്രൈം ഡേ അവതരിപ്പിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഇത് നീട്ടി വയ്ക്കുകയായിരുന്നു. ഇതിന്റെ പുതുക്കിയ തീയതി ഇതേവരെ അറിയിച്ചിട്ടില്ല.
ധാരളം ചർച്ചകൾക്കൊടുവിലാണ് പ്രൈം ഡേയുമായി മുന്നോട്ട് പോകാൻ ആമസോൺ തീരുമാനിച്ചിരിക്കുന്നതെന്നും ജീവിതം മുന്നോട്ട് പോയേ മതിയാകൂ എന്നും ആമസോൺ ഇന്ത്യയുടെ തലവൻ അക്ഷയ് സാഹി പറയുന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ഡെലിവറി ചെയ്യുന്നവരുടെയും സുരക്ഷയ്ക്കാണ് ആമസോൺ ഇത്തവണ പ്രാധാന്യം നൽകുന്നതെന്നും സാഹി പറഞ്ഞു.
48 മണിക്കൂർ ദൈർഘ്യമുള്ള ആമസോണിന്റെ പ്രൈം ഡേ സെയ്ൽ രാജ്യത്തെ ഓൺലൈൻ റീട്ടെയ്ൽ മേഖലയിൽ കടുത്ത മത്സരമാണ് സൃഷ്ടിക്കുന്നത്. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടാണ് ആമസോണിന്റെ മുഖ്യ എതിരാളി. ആമസോണുമായി ഏറ്റുമുട്ടുന്നതിനായി ഫ്ലിപ്പ്കാർട്ട് ഓഗസ്റ്റ് 6 മുതൽ 10 വരെ ബിഗ് സേവിംഗ് ഡേ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ജീവനക്കാർക്കും മറ്റും ആപ്പിലൂടെയാണ് പരിശീലനം നൽകുന്നത്. ദീപാവലി ഉൾപ്പെടെയുള്ള ആഘോഷ സീസണുകൾ വരുന്നതിനാൽ പ്രൈം ഡേ കൂടുതൽ നീട്ടി വയ്ക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് രാജ്യത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രൈം ഡേ ഓഫർ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയ്ക്ക് വൻ ഓഫറുകളാണ് ആമസോൺ പ്രൈമിന്റെ വാഗ്ദ്ധാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |