ന്യൂഡൽഹി: കേരളത്തിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയെന്ന് ദേശീയ ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. മഴ കനത്ത സാഹചര്യത്തിലാണ് കമ്മീഷന്റെ മുന്നറിയിപ്പ്.ഭവാനി പുഴയിലെ ജലനിരപ്പ് അപകടനിലയിലാണെന്നും പ്രദേശവാസികളെ മാറ്റിപാർപ്പിക്കണമെന്നും നിർദേശമുണ്ട്. കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങൾക്കും മാഹിക്കുമാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കർണാടകയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി പറയപ്പെടുന്നുണ്ട്.
കനത്ത മഴയെ തുടർന്ന് കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം പൂർണമായും മുങ്ങി. മലവെള്ളപ്പാച്ചിലിന് സാദ്ധ്യതയുണ്ടെന്നും ചെമ്പുകടവ് പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചെമ്പ്കടവ് പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.ശക്തമായ മഴയെ തുടർന്ന് കണ്ണൂർ കൂട്ടുപുഴ അതിർത്തിയിലെ ബാരാപോൾ പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇരിട്ടി വട്ട്യാന്തോട് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്.വയനാട്ടിൽ മേപ്പാടിയിലും പുത്തുമലയിലും ശക്തമായ മഴ തുടരുന്നതിനാൽ കോഴിക്കോട് ചാലിയാർ, പൂനൂർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.അടിയന്തരഘട്ടത്തിൽ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണെന്നും നിർദേശമുണ്ട്. അതിനിടെ കനത്ത മഴയിലും കാറ്റിലും മലപ്പുറം ജില്ലയുടെ പലഭാഗത്തും വൻ നാശനഷ്ടമുണ്ടായി. കൊളത്തൂർ, പുലാമന്തോൾ,പാങ്ങ്, മൂർക്കനാട് പുഴക്കാട്ടിരി തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ഉണ്ടായ അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നാശമുണ്ടായി. കൊളത്തൂർ വൈദ്യുതി സെക്ഷൻ പരിധിയിൽ മരങ്ങൾ വീണ് മുപ്പതോളം വൈദ്യുതി ലൈനുകൾ തകരാറിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |