തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും മിസോറാം ഗവർണറും ബി.ജെ.പി നേതാവായ പി.എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെയും നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'കാവിപ്പട' എന്ന പേരിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന വ്യാജപ്രചാരണങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.
കൊവിഡ് രോഗം ബാധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നില ഗുരുതരമാണെന്നും മിസോറാം ഗവർണർക്ക് രോഗം ബാധിച്ചെന്നും ഗ്രൂപ്പിലൂടെ പ്രചരിച്ചിരുന്നു. ഇത് പിന്നാലെ മിസോറാം ഗവർണർ ശ്രീധരൻ പിള്ളയ്ക്ക് വേണ്ടി രാജ്ഭവൻ സെക്രട്ടറി, കേരള ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
മിസോറാം ഗവർണർക്ക് 'കരൾ രോഗമുള്ളത് കാരണം' അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ഗ്രൂപ്പ് പ്രചാരണം നടത്തുന്നുണ്ട്. ശ്രീധരൻ പിള്ളയെ വ്യക്തിപരമായി അപമാനിക്കുന്ന ചില കമന്റുകളുടെ സ്ക്രീൻഷോട്ടുകളും പരാതിയോടൊപ്പം സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു സംഘടനയാണ് ഈ ഗ്രൂപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഗ്രൂപ്പിലെ പേരുകൾ വ്യാജമാണെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘപരിവാര്‍ അനുകൂലികളെന്ന വ്യാജേന ആർ.എസ്.എസ്/ബി.ജെ.പി നേതാക്കൾക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന ഗ്രൂപ്പാണിതെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |