തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പരാജയം അടിക്കടി വ്യക്തമാകുമ്പോൾ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി കുറ്റം മറ്റുള്ളവരുടെ മേൽ ചാരുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അശാസ്ത്രീയ സമീപനങ്ങളും അലംഭാവവും വീമ്പുപറച്ചിലും കാരണം പ്രതിരോധം പാളിയെന്ന് ബോദ്ധ്യമായതോടെ മറ്റുള്ളവരെ പഴിക്കുകയാണ്.
കഴിവില്ലാത്തയാൾ സ്വന്തം പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കുന്നത് പോലെയാണിത്. സ്വന്തം ഇരട്ടമുഖം മറച്ചുവയ്ക്കുന്നതിനാണ് പ്രതിപക്ഷനേതാവായ എനിക്ക് ഇരട്ടമുഖമെന്ന് പറയുന്നത്. ദിവസവും വൈകിട്ട് രണ്ട് മന്ത്രിമാരെ മൂകസാക്ഷികളാക്കി ഒരു മണിക്കൂർ സാരോപദേശം നടത്തുകയും മറുവശത്തുകൂടി സംസ്ഥാനത്തെ കൊള്ളയടിക്കുന്നതിന് ഒത്താശ ചെയ്യുകയുമാണ്.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിനിടെ ആരോഗ്യ പ്രവർത്തകരെയാണ് കൊവിഡ് വ്യാപനത്തിന് വിമർശിച്ചത്. പരാമർശങ്ങൾ കുഴപ്പമാകുമെന്ന് കണ്ടതോടെ വൈകിട്ട് നിലപാട് തിരുത്തി പ്രതിപക്ഷത്തിന്റെ തലയിൽ ചാർത്തി. വലിയ രക്ഷകനെ പോലെ പ്രഭാഷണം നടത്തിയ ശേഷം കൊള്ള നടത്തലാണ് പണി. കൊള്ള ആസൂത്രണം ചെയ്യാൻ ചെലവാക്കിയ സമയം കൊവിഡ് പ്രതിരോധത്തിന് ചെലവിട്ടിരുന്നെങ്കിൽ ഭയാനകമായ അവസ്ഥയിലെത്തില്ലായിരുന്നു.
നോൺ കൊവിഡ് സർട്ടിഫിക്കറ്റില്ലാതെ വരാനാകില്ലെന്ന നിലപാട് വന്നപ്പോൾ പ്രവാസിസഹോദരങ്ങളുടെ ആർത്തനാദം കേട്ടിട്ടാണ് ഞാൻ സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹമനുഷ്ഠിച്ചത്. ഇതാണോ കാസർകോട്ടും മട്ടാഞ്ചേരിയിലും പൂന്തുറയിലുമെല്ലാം കൊവിഡ് പടർത്തിയത്?
യുദ്ധം ജയിക്കും മുമ്പ് ജയിച്ചെന്നും മാരത്തോൺ തുടങ്ങിയപ്പോഴേ കപ്പ് കിട്ടിയെന്നും പറഞ്ഞ് നടത്തിയ പി.ആർ ആഘോഷങ്ങൾക്ക് കൊവിഡ് വ്യാപനത്തിൽ വലിയ പങ്കുണ്ട്. കേരളം മികച്ച മാതൃകയായി, ഇനി പ്രശ്നമില്ലെന്ന പ്രചാരണത്തിലൂടെ സൃഷ്ടിക്കപ്പെട്ട മാനസികാവസ്ഥയാണ് ആളുകളിൽ ജാഗ്രതക്കുറവിനിടയാക്കിയത്. ആരോഗ്യപ്രവർത്തകരിൽ നിന്ന് കൊവിഡ് പ്രതിരോധപ്രവർത്തനം പൊലീസിലേക്ക് മാറ്റിയത് പൊലീസ് രാജിയിലേക്ക് നയിക്കുമെന്ന് പറഞ്ഞ എനിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നാണ് പറയുന്നത്. കുറ്റമെല്ലാം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുന്ന മുഖ്യമന്ത്രിക്കാണോ അപാകതകൾ ചൂണ്ടിക്കാട്ടുന്ന എനിക്കാണോ ഇതെന്ന് ജനം നിശ്ചയിക്കും. വിമർശനങ്ങളെ പോസിറ്റീവായി കാണാനാവാത്ത മുഖ്യമന്ത്രിക്ക് ഏകാധിപതിയുടെ മനോഭാവമാണ്. ഇനിയെങ്കിലും ഇരട്ടവേഷം അഴിച്ചുവച്ച് ആത്മാർത്ഥമായി കൊവിഡ് പ്രതിരോധത്തിനിറങ്ങണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |