തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വൻ സ്വാധീനമുണ്ടായിരുന്നുവെന്ന എൻ.ഐ.എയുടെ വെളിപ്പെടുത്തൽ സി.പി.എം, ഇടത് നേതൃത്വങ്ങളെ കൂടുതൽ പ്രതിരോധത്തിലും സമ്മർദ്ദത്തിലുമാക്കി.സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന യു.ഡി.എഫിനും ബി.ജെ.പിക്കും ഇത് മറ്റൊരു വജ്രായുധവും.
രാജ്യാന്തര മാനമുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായക സ്വാധീനമുണ്ടെന്ന വെളിപ്പെടുത്തൽ, കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിനെതിരെ സോളാർ, ബാർക്കോഴ കേസുകളെ ആവോളം ഉപയോഗിച്ച ഇടതുമുന്നണിക്ക് സുഖകരമായ വാർത്തയാവില്ല. പ്രതിപക്ഷ ആക്രമണങ്ങളുടെ ചുവട് പിടിച്ച് പൊതുസമൂഹത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുക സി.പി.എം നേതൃത്വത്തിനും എളുപ്പമാവില്ല. .
അതേ സമയം,ഔദ്യോഗിക പരിപാടികളിൽ കണ്ട പരിചയം മാത്രമാണ് മുഖ്യമന്ത്രിയുമായി സ്വപനയ്ക്കുള്ളതെന്ന് സി.പി.എം വൃത്തങ്ങൾ പറയുന്നു. മുഖ്യമന്ത്രിയുമായി സ്വപനയ്ക്ക് സാധാരണ പരിചയം മാത്രമെന്ന എൻ.ഐ.എയുടെ വിശദീകരണം അതിനെ സാധൂകരിക്കുന്നു. എന്നാൽ, ശിവശങ്കറുമായി ഉണ്ടായിരുന്നതിനും അപ്പുറത്തെ ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്കുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ പല സംശയങ്ങൾക്കും ബലം പകരുന്നുതായി .. കേസന്വേഷണത്തിന്റെ തുടർന്നുളള ഗതിവിഗതികളിലും ഇത് ആകാംക്ഷയുണർത്തുന്നു.
സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന വാദമാവും സി.പി.എം കേന്ദ്രങ്ങൾ വീണ്ടും ഉയർത്തുക. കേസിൽ മുഖായമന്ത്്രി ആദ്യമേ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാവശ്യപ്പെട്ടതും ശിവശങ്കറിനെതിരെ നടപടിയെടുത്തതുമെല്ലാം ഇതിന് തെളിവായി ഉയർത്തിക്കാട്ടുന്നു. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം പരസ്യമായ സ്ഥിതിക്ക്, എൻ.ഐ.എയുടെ റിപ്പോർട്ടിൽ ആശങ്കപ്പെടാൻ പുതുതായി ഒന്നുമില്ല കേസിൽ ആരെ വേണമെങ്കിലും ചോദ്യം ചെയ്യാൻ തടസ്സമില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചതും സി.പി.എം ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ ആക്രമണത്തിന് തടയിടാൻ യു.ഡി.എഫ്- ബി.ജെ.പി ബാന്ധവമെന്ന ആക്ഷേപം സി.പി.എം ശക്തിപ്പെടുത്തും. .
അയോദ്ധയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ലീഗ് അനുകൂല സമസ്ത ഇ.കെ വിഭാഗത്തിലടക്കം കോൺഗ്രസിനെതിരെ ഉയർന്ന അമർഷവും പാർട്ടി ഉപയോഗപ്പെടുത്തും .രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ ലീഗ് നേതൃത്വം പ്രമേയം പാസ്സാക്കിയതും മറ്റൊരായുധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |