തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന കനത്ത മഴയിൽ ജനജീവിതം ദുസഹമായി. നേരത്തെയുണ്ടായ ന്യൂനമർദ്ദം കൂടാതെ ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതിനാൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ ഉണ്ടാകും. ഇതുവരെ മഴക്കെടുതിയിൽ ആറ് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി.
വടക്ക് മഴക്കെടുതി
വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി ഉണ്ടായിരിക്കുന്നത്. ഈ ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോട് പാന വനത്തിലും കോടഞ്ചേരി വനത്തിലും ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായി. ആളപായമില്ല. ഉരുൾ പൊട്ടലിനെ തുടർന്ന് കുറ്റിയാടി, വാണിമേൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾ വെള്ളത്തിനടിയിലായി. ഇരുവഴിഞ്ഞി, ചാലിയാർ പുഴകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി.
മലപ്പുറം വെള്ളത്തിനടിയിൽ
ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരിൽ മഴ ശക്തമായി തുടരുകയാണ്. ജനതപ്പടി റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ചാലിയാർ പുഴയിൽ നിന്ന് നിലമ്പൂർ - ഗൂഡല്ലൂർ അന്തർസംസ്ഥാനപാതയിൽ വെള്ളം കയറി. മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയതോടെ ഒറ്റപ്പെട്ട ഇരുട്ടുകുത്തി, വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികളിൽ ഇപ്പോഴും എത്തിപ്പെടാൻ രക്ഷാപ്രവർത്തകർക്കായിട്ടില്ല. കരിമ്പുഴ നിറഞ്ഞുകവിഞ്ഞതോടെ, കരുളായി, നെടുങ്കയം കോളനി നിവാസികളെ പുള്ളിയിൽ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കനത്ത മഴയിൽ മലപ്പുറം ഒതായിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം തകർന്നു വീണു. നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നിട്ടുണ്ട്. ഇതോടെ മേഖലയിൽ ആകെ ആറ് ക്യാമ്പുകളിലായി 74 കുടുംബങ്ങളിലെ 366 പേരെ മാറ്റിത്താമസിപ്പിച്ചു. കരുവാരക്കുണ്ട് ആർത്തല കോളനിയിലെ അഞ്ചു കുടുംബങ്ങളെ കരുവാരക്കുണ്ട് ഗവ. സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.
വയനാട്ടിൽ നദികൾ കരകവിഞ്ഞു
വാളാട് കോറോം കരിമ്പിൽ മേഖലയിൽ കബനീ നദി കര കവിഞ്ഞതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ മാറ്റി. പഴശ്ശി ഫാമും വെള്ളത്തിനടിയിലാണ്. മാനന്തവാടി നിരവിൽ പുഴയിൽ റോഡിൽ വെള്ളം കയറി കുറ്റിയാടി - വയനാട് പാതയിൽ ഗതാഗതം തടസപ്പെട്ടു. വയനാട്ടിൽ 1500 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പടിഞ്ഞാറത്തറയിൽ റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയി. ജില്ലയിൽ 20 ഹെക്ടറിലധികം കൃഷിഭൂമി ഇതിനകം വെള്ളത്തിനടിയിലായി. കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിലെ ക്വാറികൾ പ്രവർത്തനം നിറുത്തി. മേപ്പാടി ചൂരൽമല ഭാഗത്ത് ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിലുള്ളവരോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ജനതപ്പടിയിലും മൈലാടിയിലും ചാലിയാറിൽ നിന്ന് വെള്ളം കയറി. മാനന്തവാടി ഫയർഫോഴ്സ് കേന്ദ്രത്തിലും വെള്ളം കയറി. മുത്തങ്ങ പൊൻകുഴിയിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് കൊല്ലഗൽ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
വീടിന്റെ ചുമർ ഇടിഞ്ഞ് ഒരാൾ മരിച്ചു
പാലക്കാട് പട്ടാമ്പിയിൽ കനത്ത മഴയിൽ വീട് തകർന്ന് ഒരാൾ മരിച്ചു. ഓങ്ങല്ലൂർ പോക്കുപ്പടിയിൽ കൂടമംഗലത്ത് (അൽ ഹുദാ സ്‌കൂൾ പരിസരം) മച്ചിങ്ങത്തൊടി മൊയ്തീൻ എന്ന മാനു (70) ആണ് മരിച്ചത്. കുടുംബാംഗങ്ങൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൊടുമുണ്ട സ്വദേശിയായ മാനു കഴിഞ്ഞ 40 വർഷത്തോളമായി പോക്കുപ്പടിയിൽ ആണ് താമസം. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
പെരിയാറിൽ വെള്ളപ്പൊക്കം
കനത്ത മഴയിൽ പെരിയാറിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ആലുവ മണപ്പുറം മുങ്ങി. ക്ഷേത്രത്തിന്റെ മേൽക്കൂര വരെ വെള്ളം കയറിയിട്ടുണ്ട്. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ഏലൂർ ഇടമുളയിൽ വെള്ളം കയറിയതിനെ തുടർന്ന് 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മണികണ്ഠൻ ചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ അഞ്ച് ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാവന കടവിൽ ജങ്കാർ സർവീസ് നിറുത്തി. കോതമംഗലം ജവഹർ കോളനിയിലെ 34 കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. കൊച്ചി ധനുഷ് കോടി പാതയിൽ കോതമംഗലം തങ്കളം ഭാഗത്ത് വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു. എറണാകുളം കടുങ്ങല്ലൂർ വല്ലേജ് പരിധിയിൽ ഏലൂർ മുനിസിപ്പാലിറ്റി 13ാം വാർഡിലെ 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ഇടുക്കിയിൽ നാലിടത്ത് ഉരുൾപൊട്ടൽ
കനത്ത മഴയിൽ ഇടുക്കിയിൽ നാലിടത്ത് ഉരുൾ പൊട്ടി.മേലെ ചിന്നാർ, കോഴിക്കാനം, അണ്ണൻതമ്പി മല, മേമല എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ ഉരുൾപൊട്ടിയതോടെ ഏലപ്പാറ തോട്ടിൽ വെള്ളം നിറഞ്ഞു. ഇതേതുടർന്ന് ഏലപ്പാറ ജംഗ്ഷനിൽ മൂന്നടി ഉയരത്തിൽ വെള്ളം കയറി. വെള്ളത്തിനൊപ്പം വൻതോതിൽ ചെളിയും വന്നടിഞ്ഞതോടെ റോഡിലൂടെ ഗതാഗതം തടസപ്പെട്ടു. ചിന്നാറിലെ എസ്റ്റേറ്റ് ലായത്തിലേക്ക് മണ്ണിടിഞ്ഞ് 80ഓളം പേർ കുടുങ്ങി. നാല് ലയങ്ങളിലായാണ് ഇവർ താമസിച്ചിരുന്നത്. മണ്ണിനടിയിൽപെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. പൊലീസും ഫയർഫോഴ്സും അപകടസ്ഥലത്തേക്ക് തിരിച്ചു. ഹൈറേഞ്ച് മേഖലയിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. കട്ടപ്പന -കുട്ടിക്കാനം, കുട്ടിക്കാനം - കുമളി, കട്ടപ്പന- കുമളി, കട്ടപ്പന - ഇടുക്കി റോഡുകളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മരങ്ങൾ റോഡിലേക്ക് വീഴുകയും ചെയ്തു.
കോട്ടയത്ത് മലവെള്ളപ്പാച്ചിൽ
കനത്ത മഴ തുടരുന്ന ജില്ലയുടെ മലയോരമേഖലയിൽ ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാടാണ് ഇന്നലെ രാത്രിയോടെ ഉരുൾപൊട്ടിയത്. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. പൂഞ്ഞാർ അടിവാരത്തും മുണ്ടക്കയം ഏന്തയാറിലും മലവെള്ളപ്പാച്ചിലുണ്ടായി. അടിവാരം സ്‌കൂൾ പരിസരത്തും വെള്ളം കയറി. ഏന്തയാറിൽ അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ തുറന്നേക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പമ്പാനദിയിൽ ജലനിരപ്പുയർന്നു. എയ്ഞ്ചൽവാലി, കണമല, അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മുക്കം എന്നീ ക്രോസ്‌വേകളിൽ ആറടിയിലധികം വെള്ളം ഉയർന്നു. ശബരിമല- പമ്പ ത്രിവേണിയിൽ ജലനിരപ്പുയർന്ന് പടിക്കെട്ടു മുങ്ങി. വനത്തിലെ ഉരുൾപൊട്ടലാണ് മലവെള്ളം ഇറങ്ങാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |