മോസ്കോ : ലോകത്തെ ആദ്യത്തെ കൊവിഡ് 19 വാക്സിൻ അടുത്താഴ്ച രജിസ്‌റ്റർ ചെയ്യാനൊരുങ്ങി റഷ്യ. റഷ്യൻ ആരോഗ്യ സഹമന്ത്രി ഒലേഗ് ഗ്രിൻഡെവ് ആണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്‌റ്റ് 12 ന് തങ്ങളുടെ വാക്സിൻ ഔദ്യോഗികമായി രജിസ്‌റ്റർ ചെയ്യുമെന്നാണ് ഗ്രിൻഡെവ് അറിയിച്ചിരിക്കുന്നത്. നേരത്തെ രാജ്യവ്യാപകമായുള്ള വാക്സിൻ വിതരണം ഒക്ടോബറിൽ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായിൽ മുറാഷ്കോ പറഞ്ഞിരുന്നു.
രാജ്യത്തെ ഡോക്ടർമാർക്കും അദ്ധ്യാപകർക്കുമാണ് ആദ്യം വാക്സിൻ നൽകുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, റഷ്യയുടെ ദ്രൂത ഗതിയിലുള്ള നടപടികളിൽ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വാക്സിൻ വികസിപ്പിക്കുന്നതിൽ ചട്ടങ്ങൾ പാലിക്കാതെയുള്ള റഷ്യയുടെ തിടുക്കത്തിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു.
മോസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗമേലെയ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് എപിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുടെ വാക്സിനാണ് രജിസ്ട്രേഷനായി ഒരുങ്ങുന്നത്. ഗമേലെയയും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിൻ നിർമിക്കുന്നത്. കഴിഞ്ഞ മാസമാണ് ഗമേലെയയുടെ വാക്സിന്റെ മനുഷ്യരിലുള്ള ആദ്യ ഘട്ടം വിജയിച്ചതായി റഷ്യൻ ശാസ്ത്രജ്ഞർ അറിയിച്ചത്. വാക്സിൻ സുരക്ഷിതമാണെന്നും നിലവിൽ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ് വാക്സിനെന്നും ഗ്രിൻഡെവ് റഷ്യൻ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
നിലവിൽ റഷ്യയിലെ ബുർഡെൻകോ മെയിൻ മിലിട്ടറി ക്ലിനിക്കൽ ഹോസ്പിറ്റൽ, ദ സെഷെനോവ് ഫസ്‌റ്റ് മോസ്കോ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ഗമേലെയയുടെ വാക്സിൻ പരീക്ഷണം നടക്കുന്നത്. ഈ വാക്സിൻ കൊറോണ വൈറസിനെതിരെ ദീർഘ നാളത്തേക്ക് പ്രതിരോധ ശക്തി നൽകുന്നതായാണ് റഷ്യൻ ഭരണകൂടത്തിന്റെ അവകാശവാദം. ജൂൺ 18നായിരുന്നു വാക്സിൻ ട്രയൽ ആരംഭിച്ചത്. ആദ്യ ഘട്ട പരീക്ഷണത്തിന് വിധേയമായ 38 പേർ ജൂലായ് 15 ആശുപത്രി വിട്ടിരുന്നു. തുടർന്ന് ജൂലായ് 20ന് അടുത്ത ഘട്ടം ആരംഭിക്കുകയായിരുന്നു. വാക്സിനെ പറ്റിയുള്ള കൂടുതൽ ശാസ്ത്രീയ വിവരങ്ങളൊന്നും റഷ്യ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ റഷ്യൻ വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ കൃത്യതയുമില്ല.
ഗമേലെയയെ കൂടാതെ റഷ്യയിൽ സൈബീരിയയിലെ വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വാക്സിനും മനുഷ്യരിലുള്ള പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. നവംബർ മാസത്തോടെ വെക്ടറിന്റെ വാക്സിനും ഉത്പാദനത്തിന് തയാറാകുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |