കോട്ടയം: കെടുകാര്യസ്ഥത മൂലം അടച്ചുപൂട്ടിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ, കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എൻ.എൽ) ഏറ്രെടുക്കാൻ താത്പര്യം അറിയിച്ച് രണ്ട് സ്വകാര്യ കമ്പനികളും. എച്ച്.എൻ.എല്ലിനെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങിയിരുന്നെങ്കിലും ഇതിനെതിരെ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻ.സി.എൽ.ടി) കേരളം ഹർജി നൽകുകയും 25 കോടി രൂപയ്ക്ക് കമ്പനിയെ ഏറ്റെടുക്കാമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.
എച്ച്.എൻ.എല്ലിന് സർക്കാർ വിട്ടുനിൽകിയ സ്ഥലം സ്വകാര്യവ്യക്തികൾക്ക് കൈമാറാനാവില്ലെന്ന വ്യവസ്ഥ അംഗീകരിച്ച ട്രൈബ്യൂണൽ, കേരളത്തിന്റെ നിർദേശത്തിന് പച്ചക്കൊടി വീശി. എന്നാൽ, മൂന്നുമാസത്തിനകം 25 കോടി രൂപ അടയ്ക്കണമെന്ന വ്യവസ്ഥ കേരളം പാലിച്ചില്ല. ഇതോടെ, പൊതു ടെൻഡർ നടപടികളിലേക്ക് ട്രൈബ്യൂണൽ കടന്നതാണ് സ്വകാര്യകമ്പനികൾക്ക് നേട്ടമായത്. സൺ പേപ്പർ മിൽ, മുംബയിലെ ഒരു വൻകിട കമ്പനി എന്നിവയും പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.ഐ.ഡി.സി., കിൻഫ്ര, മലബാർ സിമന്റ്‌സ്, ടി.ടി.സി എന്നിവയുമാണ് ടെൻഡറിനായി രംഗത്തുള്ളത്. എച്ച്.എൻ.എല്ലിനെ ഏറ്റെടുക്കാൻ ഏറ്റവും മികച്ച പദ്ധതി സമർപ്പിക്കുന്ന കമ്പനിക്ക് ട്രൈബ്യൂണൽ ടെൻഡർ അനുവദിക്കും.
എച്ച്.എൻ.എല്ലിന് ബാങ്ക് വായ്‌പയടക്കം 500 കോടിയോളം രൂപയുടെ ബാദ്ധ്യതയുണ്ട്. എച്ച്.എൻ.എല്ലിനെ ഏറ്റെടുക്കുന്ന സർക്കാർ, ഈ ബാദ്ധ്യത കൂടി വീട്ടണമെന്ന വാദം ബാങ്കുകൾ ഉയർത്തിയിരുന്നു. ബാദ്ധ്യത ഏറ്രെടുക്കാനാവില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയതോടെയാണ്, ഏറ്റെടുക്കൽ നടപടികൾ നീണ്ടതും കാലാവധി അവസാനിച്ചതും.
200 കോടിരൂപ അടിയന്തരമായി ലഭ്യമാക്കിയാൽ എച്ച്.എൻ.എൽ തുറന്നു പ്രവർത്തിപ്പിക്കാനാകുമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നു. പണം ഉറപ്പാക്കാനായാൽ, ആധുനികവത്കരിച്ച് ഫാക്‌ടറി തുറന്ന് പ്രവർത്തിപ്പിക്കാം. ന്യൂസ്‌പ്രിന്റിന് ഡിമാൻഡ് വർദ്ധിച്ചതിനാൽ ഫാക്‌ടറിക്ക് അതിവേഗം ലാഭത്തിലേറാനാകുമെന്നും അവർ പറയുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |