ന്യൂഡൽഹി:കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി ഭാബിജി പപ്പടം കഴിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്‌വാളിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ "ഭാബിജി പപ്പടം" കഴിച്ചാൽ മതിയെന്ന വാദം നേരത്തെ അർജുൻ റാം മേഘ്‌വാൾ ഉയർത്തിയിരുന്നു. കേന്ദ്ര മന്ത്രിയുടെ ഈ വാദം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.
ആത്മനിർഭർ ഭാരതിന്റെ ഭാഗമായി നിർമിച്ച ഈ പപ്പടം കൊവിഡിനെതിരെയുളള ആന്റിബോഡികൾ ശരീരത്തിൽ ഉൽപാദിപ്പിക്കുമെന്നും മന്ത്രി വിഡിയോയിൽ പറഞ്ഞിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും ചെ്യ്തു. എന്നാൽ ഭാബിജി പപ്പടം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് മന്ത്രി അർജുൻ റാം മേഘ്‌വാളിന് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും ആദ്യ പരിശോധനയിൽ രോഗം കണ്ടെത്തിയിരുന്നില്ലെന്നും പിന്നീട് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നുവെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. താനുമായി സമ്പർക്കത്തിലേർപ്പെട്ടവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കാര്‍ഷിക സഹമന്ത്രി കൈലേഷ് ചൗധരിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെ ജോധ്പൂരിൽ കൊവിഡ് ചികിത്സയിലാണ് അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൊവിഡ് ബാധിച്ച് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |