ശ്രീനഗർ: ജമ്മു കാശ്മീരിൽ ബി.ജെ.പി പ്രവർത്തകൻ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. കശ്മീരിലെ ബുഡ്ഗാമിലെ മൊഹിന്ദിപോറ നിവാസിയായ അബ്ദുൽ ഹമീദ് നജറാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോൾ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അബ്ദുൾ ഹമീദ് നജറിന്റെ കാലിനും വയറിനുമായിരുന്നു വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തീവ്രവാദികൾ ആക്രമിച്ച മൂന്നാമത്തെ ബിജെപി പ്രവർത്തകനാണ് നജർ.
നേരത്തെ ബി.ജെ.പി നേതാവും ഗ്രാമ മുഖ്യനുമായ സജാദ് അഹമ്മദ് ഖാനെ ഭീകരവാദികൾ കൊലപ്പെടുത്തിയിരുന്നു. കാശ്‌മീരിലെ കുൽഗാം ജില്ലയിലായിരുന്നു സംഭവം. ഗ്രാമമുഖ്യന്റെ വീട്ടിലേക്ക് കടന്നുകയറിയ തീവ്രവാദികൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് മുമ്പ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെയും തീവ്രവാദികൾ ആക്രമിച്ചിരുന്നു. ഇയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് ബി.ജെ.പി പ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ മാസം ഒരു ബിജെപി നേതാവിനൊപ്പം രണ്ട് കുടുംബാംഗങ്ങളേയും ബന്ദിപ്പോറയിൽ വച്ച് കൊലപ്പെടുത്തിയിരുന്നു.ആക്രമണങ്ങൾ തുടർക്കഥയായതോടെ പാർട്ടി പ്രവർത്തകരും, തദ്ദേശീയ നേതാക്കളും ആശങ്കയിലാണ്. അവരിൽ ചിലർ രാജിവച്ചതായി റിപ്പോർട്ടുണ്ട്. അബ്ദുൽ ഹമീദ് നജറിനെ തീവ്രവാദികൾ വെടിവച്ചതിന് മണിക്കൂറുകൾക്ക് ശേഷം ജമ്മു കാശ്മീരിലെ നാല് ബി.ജെ.പി നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു.രാജിവച്ചവരിൽ പാർട്ടി ജനറൽ സെക്രട്ടറി ബുഡ്ഗാമും ജനറൽ സെക്രട്ടറി എം എം മോർച്ച ബുഡ്ഗാമും ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |