ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് തിരിച്ചെത്തി. പാർട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവിന്റെ വേളയിൽ കോൺഗ്രസ് താത്പര്യം മുൻനിർത്തി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പാർട്ടിയുമായി ഭിന്നതകൾ പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റും വിമത കോൺഗ്രസ്സ് നേതാക്കളും ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കാനായി ഉന്നതതല മൂന്നംഗ സമിതിയും കോൺഗ്രസ് രൂപീകരിക്കും.
മൂന്നംഗ സമിതി രൂപീകരിക്കാനുള്ള തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് കൈക്കൊണ്ടതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് ഘടകത്തിന്റെയും സർക്കാരിന്റെയും താത്പര്യങ്ങൾക്ക് അനുസരിച്ച് അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്ന് സച്ചിൻ അറിയിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.
പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആയിരിക്കും സമിതിയിൽ ഉണ്ടാകുക. രാജസ്ഥാൻ ഘടകത്തിലെയും സർക്കാരിലെയും രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള എല്ലാ വശവും കേട്ട ശേഷവും അതിന്റെ എല്ലാ വിശദാംശങ്ങളെയും കുറിച്ച് അറിഞ്ഞ ശേഷവുമാകും സമിതി തീരുമാനങ്ങൾ കൈക്കൊള്ളുക എന്നും കോൺഗ്രസ് വ്യക്തമാക്കി. ഏകദേശം ഒരു മാസം മുൻപ് രാജസ്ഥാൻ കോൺഗ്രസിൽ ആരംഭിച്ച തർക്കങ്ങൾ സംസ്ഥാനത്തെ അശോക് ഗെലോട്ട് സർക്കാരിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് എത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |