കൊച്ചി: കൊവിഡിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും താണ്ഡവത്തിൽ തകർന്ന കേരള ടൂറിസത്തിന് ഇക്കൊല്ലം 45,000 കോടി രൂപ നഷ്‌ടമുണ്ടാകുമെന്ന് ആശങ്ക. നേരിട്ടും അല്ലാതെയും ടൂറിസത്തെ ആശ്രയിക്കുന്ന 20 ലക്ഷത്തോളം പേർ ആറ് മാസമായി ജോലിയും വരുമാനവും ഇല്ലാതെ ദുരിതത്തിലാണ്. ടൂറിസം സാധാരണ നിലയിലെത്താൻ ഒരുവർഷമെങ്കിലും വേണ്ടിവരും.
നടപ്പു സാമ്പത്തിക വർഷം ( 2020 - 21) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ ) ടൂറിസം വരുമാനം വട്ടപ്പൂജ്യമാണ്. നിപ്പയും പ്രളയവും സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറിത്തുടങ്ങിയ ടൂറിസം, ഇക്കൊല്ലം 50,000 കോടിയിൽ കുറയാത്ത വരുമാനം പ്രതീക്ഷിച്ചപ്പോഴാണ് മഹാമാരി ആഞ്ഞടിച്ചത്. മഴ കനത്തതോടെ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്നതിന്റെ സൂചനയാണ്.
2019-20ൽ വരുമാന പ്രതീക്ഷ 45,000 കോടിയായിരുന്നു. കൊവിഡ് മൂലം അവസാന പാദമായ ജനുവരി-മാർച്ചിൽ 10,000 കോടി നഷ്‌ടമുണ്ടായി.മൊത്തം വരുമാനം 35,000 കോടിയായി ഇടിഞ്ഞു.
ജീവിതതാളം തെറ്രിച്ച്
മഹാമാരി
ടൂറിസത്തെ ആശ്രയിക്കുന്ന ചെറുകിട, വഴിയോര കച്ചവടക്കാരുടെ ജീവിതം താറുമാറായി.
ഹോംസ്‌റ്രേ, ഹോട്ടൽ, റിസോർട്ട് എന്നിവ പൂട്ടിയതോടെ ഒട്ടേറെപ്പേരുടെ ജീവിതമാർഗം അടഞ്ഞു
വായ്‌പാ മോറട്ടോറിയം ഈമാസം അവസാനിക്കുമ്പോൾ കാത്തിരിക്കുന്നത് വൻ സമ്പദ്‌പ്രതിസന്ധി
കേരള ടൂറിസം
ചെറുകിട - ഇടത്തരം സംരംഭകർ : 80%
2019ൽ ആഭ്യന്തര സഞ്ചാരികളുടെ വർദ്ധന : 17.8%, വിദേശികളുടെ വർദ്ധന 8.5%
2019ലെ വിദേശ നാണയ വരുമാനം : ₹10,271 കോടി
2017-18ൽ വരുമാനം 36,000 കോടി
കഴിഞ്ഞവർഷം: 45,011 കോടി ( വർദ്ധന 25% )
'ആരോഗ്യ"മില്ലാത്ത ടൂറിസം
കേരളത്തിന്റെ ടൂറിസം വരുമാനത്തിൽ ആരോഗ്യ ടൂറിസത്തിന് മുഖ്യ പങ്കുണ്ട്. 10 % വർദ്ധനയുമായി 2020-21ൽ ഈ മേഖല 7,500 കോടി വരുമാനം പ്രതീക്ഷിച്ചിരുന്നു. മാർച്ചിന് ശേഷം വരുമാനം പൂജ്യം! ആഗോള അംഗീകാരവും അത്യാധുനിക സൗകര്യവും വിദഗ്ദ്ധ ഡോക്‌ടർമാരും നഴ്‌സുമാരും ആയുർവേദവുമൊക്കെയായി ലോകശ്രദ്ധനേടിയ കേരളത്തിൽ ചികിത്സയ്‌ക്കും വിനോദത്തിനും വരുന്ന വിദേശികൾ കൊവിഡ് മൂലം കുറഞ്ഞതാണ് തിരിച്ചടി.
''കേരളത്തിന്റെ മൊത്തവരുമാനത്തിന്റെ ( ജി. ഡി. പി ) 10 % സംഭാവന ചെയ്യുന്ന ടൂറിസത്തിനായി രക്ഷാപാക്കേജ് വേണം. ചെറുകിട റിസോർട്ടുകൾ നിബന്ധനകളോടെ തുറന്ന് ആഭ്യന്തര ടൂറിസത്തെ മെല്ലെ തിരിച്ചുകൊണ്ടുവരാം.''
--ഇ.എം. നജീബ്
പ്രസിഡന്റ്, കോൺഫെഡറേഷൻ ഒഫ് ടൂറിസം ഇൻഡസ്‌ട്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |