കോഴിക്കോട്: പച്ചക്കള്ളമാണ് മുഖ്യമന്ത്രി എല്ലാ ദിവസവും പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്‌ന കമ്മിഷൻ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഭംഗിയായി ജനങ്ങളെ കബളിപ്പിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ കമ്പനിയുമായി സഹകരിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണ്. വിദേശകാര്യ മന്ത്രാലയവുമായി യാതൊരു ചർച്ചയും നടന്നിട്ടില്ല. ചാരിറ്റിയുടെ മറവിൽ വേറെ ഡീലുകൾ നടന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ അറിയാതെ ഇങ്ങനെയൊരു പദ്ധതിയിൽ എങ്ങനെയാണ് യു.എ.ഇ കോൺസുലേറ്റ് വരുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മറ്റ് ഏതെങ്കിലും മന്ത്രിമാർ വിദേശയാത്ര നടത്തിയിട്ടുണ്ടോയെന്നും താത്ക്കാലിക ജീവനക്കാരിയെ എന്തിനാണ് ശിവശങ്കർ വിദേശത്തേക്ക് കൊണ്ടുപോയതെന്നും മുഖ്യമന്ത്രി മറുപടി പറയണം. ജലീൽ മാത്രമല്ല മുഖ്യമന്ത്രിയുടെ വകുപ്പും യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് ഇടപാടുകൾ നടത്തിയിട്ടുണ്ട്. നൂറുനൂറ് ചോദ്യങ്ങൾക്ക് പിണറായി ഉത്തരം പറയണം. സന്നദ്ധ സംഘടനയാണോ ശിവശങ്കറിനും സ്വപ്നയ്ക്കും കമ്മിഷൻ കൊടുത്തതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അറിഞ്ഞതിനെക്കാൾ അപ്പുറം കമ്മിഷൻ ഇടപാടുകൾ നടന്നിട്ടുണ്ട്. ചോദ്യം ചെയ്യുന്നവരെ വിരട്ടിയിട്ട് കാര്യമില്ല. ഒരു ചോദ്യത്തിനും പിണറായി കൃത്യമായി മറുപടി പറഞ്ഞിട്ടില്ല. ജലീന്റെ കാര്യത്തിൽ എല്ലാം അദ്ദേഹം വിശദീകരിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജലീൽ ഒന്നും വിശദീകരിച്ചിട്ടില്ല. തന്റെ ഓഫീസ് താൻ ഇരിക്കുന്ന കസേരയും മേശയും മാത്രമാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. അദ്ദേഹത്തിന്റെ വകുപ്പിൽ നടന്നിട്ടുള്ള കാര്യങ്ങളെപ്പറ്റിയെങ്കിലും മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |