ന്യൂഡൽഹി: ജമ്മു കാശ്മീരിൽ ഇന്ത്യക്കെതിരെ നിൽക്കാൻ ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോർപ്പറേഷനെ(ഒ.ഐ.സി) അനുവദിക്കാത്തതിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സൗദി അറേബ്യയെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൗദി അറേബ്യയ്ക്ക് ഒരു ബില്യൺ ഡോളർ വായ്പ അടയ്ക്കാൻ പാകിസ്ഥാൻ നിർബന്ധിതനായിരുന്നു. 2018 ൽ 3.2 ബില്യൺ ഡോളർ പാകിസ്ഥാന് വായ്പ നൽകിയിരുന്നു.
'വിദേശകാര്യ മന്ത്രിമാരുടെ യോഗം ഞങ്ങളുടെ പ്രതീക്ഷയാണെന്ന് ഞാൻ വീണ്ടും ഒ.ഐ.സിയോട് പറയുന്നു. നിങ്ങൾക്ക് ഇത് വിളിക്കാൻ കഴിയുന്നില്ലെങ്കിൽ, കാശ്മീർ വിഷയത്തിൽ ഞങ്ങളോടൊപ്പം നിൽക്കാനും, അടിച്ചമർത്തപ്പെട്ട കശ്മീരികളെ പിന്തുണയ്ക്കാനും തയ്യാറായ ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെടാൻ ഞാൻ നിർബന്ധിതനാകും' -എന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഒരു ടിവി ഷോയിൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
സൗദി അറേബ്യയുമായുള്ള പാകിസ്ഥാന്റെ അടുത്ത ബന്ധം കണക്കിലെടുക്കുമ്പോൾ, അദ്ദേഹം അങ്ങനെ പറയാൻ കാരണമെന്താണ്?ഏറ്റവും പ്രധാനമായി, കാശ്മീരുമായി ബന്ധപ്പെട്ട് പാകിസ്ഥാനെ അറിയിക്കാൻ സൗദി അറേബ്യ എന്താണ് ശ്രമിച്ചത്? ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നടപടികളെ അപലപിച്ച് പാക്കിസ്ഥാൻ ഇസ്ലാമാബാദിൽ ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിക്കാൻ മാസങ്ങളായി ശ്രമിക്കുന്നു. സൗദി അറേബ്യ ഇതിന് എതിര് നിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ യു.എ.ഇയിൽ നിന്നും പാകിസ്ഥാന് ഒരു ആശ്വാസവും ലഭിച്ചിട്ടില്ല. ഇതാവാം അദ്ദേഹം അങ്ങനെ പറയാൻ കാരണമെന്നാണ് പാക് നിരീക്ഷകരുടെ അഭിപ്രായം.
എന്തുകൊണ്ടാണ് ഖുറേഷി അങ്ങനെ പറഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അതൊരു രോദനമായിരുന്നെന്നു വേണം മനസിലാക്കാൻ. കാശ്മീരിൽ അന്താരാഷ്ട്ര പിന്തുണ ലഭിക്കാത്തതിലുള്ള പാകിസ്ഥാന്റെ നിരാശ പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമാബാദിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളിൽ സത്യമുണ്ടെങ്കിൽ, അദ്ദേഹം സ്വയം ഒരു ഇമ്രാൻ ഖാന്റെ ബദലായി നിലകൊള്ളുന്നുണ്ടാകാം. സൗദിയുമായുള്ള വിശ്വസനീയമായ പാകിസ്ഥന്റെ ബന്ധം ദുർബലപ്പെടുത്തുന്ന പ്രസ്താവനയാണ് ഖുറേഷിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സൗദിയെ പിണക്കുന്നത് പാകിസ്ഥാന്റെ നിലനിൽപിനെത്തന്നെ അവതാളത്തിലാക്കുമെന്ന് ചില പാക് നിരീക്ഷകർ വിശ്വസിക്കുന്നു. പാകിസ്ഥാൻ തൊഴിലാളികളെ രാജ്യത്തേക്ക് തിരിച്ചയക്കാനും, പകരം ബംഗ്ലാദേശ് തൊഴിലാളികളെ പകരം വയ്ക്കാനും സൗദി അറേബ്യ തീരുമാനിച്ചാൽ അത് കനത്ത നഷ്ടമായിരിക്കും.ഗൾഫ് അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധവും പാകിസ്ഥാന് തലവേദന സൃഷ്ടിക്കുന്നുണ്ട്.. ഇന്ത്യയും സൗദി അറേബ്യയും യുഎഇയും അടുത്ത സാമ്പത്തിക ബന്ധം പുലർത്തുന്നുണ്ട്. വർദ്ധിച്ചുവരുന്ന സുരക്ഷയും പ്രതിരോധ ബന്ധവുമാണ് ഈ രാജ്യങ്ങളെ കൂടുതൽ അടുപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |