മലപ്പുറം: കോഴിക്കോട് കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാ പ്രവർത്തനം നടത്തിയവർക്ക് സല്യൂട്ട് നൽകിയ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകില്ല. ചട്ട വിരുദ്ധമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെയാണ് പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് നൽകിയത്. സംഭവത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൊണ്ടോട്ടി സി.ഐ റിപ്പോർട്ട് നൽകിയിരുന്നു. നിയമപ്രകാരമല്ലെങ്കിലും സദുദ്ദേശത്തോടെയുള്ള പ്രവർത്തിയാണ് പൊലീസുകാരനിൽ നിന്നും ഉണ്ടായതെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
ഞായറാഴ്ച വൈകിട്ടാണ് കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയതിനെ തുടർന്ന് ക്വറന്റീനിൽ കഴിഞ്ഞിരുന്ന കൊണ്ടോട്ടി സ്വദേശികളെ മലപ്പുറം കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്തത്. രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ കഴിയുന്ന സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥൻ സല്യൂട്ട് നൽകിയത്. ഔദ്യോഗിക അനുമതി ഇല്ലാതെ സ്വന്തം ആഗ്രഹ പ്രകാരമായിരുന്നു പൊലീസുകാരന്റെ നടപടി. സല്യൂട്ട് നൽകിയ ഉദ്യോഗസ്ഥന്റെ നടപടി പ്രശംസിച്ച് കൊണ്ട് നിരവധി പ്രമുഖർ രംഗത്തെത്തി. സോഷ്യൽ മീഡിയയിലും ഇത് വൈറലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിലെ ജീവനക്കാർക്കൊപ്പം കൊണ്ടോട്ടിയിലെ ജനങ്ങളും കൊവിഡിനെയും മഴയേയും ഭയക്കാതെ രക്ഷാ പ്രവർത്തനത്തിനിറങ്ങിയിരുന്നു. പരിക്കേറ്റവരെ പുറത്തെടുത്ത് സ്വന്തം വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിക്കുന്നതിനും കൊണ്ടോട്ടിയിലെ ജനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.
പ്രദേശ വാസികളുടെ സമയോചിതമായ ഇടപെടലാണ് വിമാനാപകടത്തിന്റെ വ്യാപ്തിയും മരണനിരക്കും കുറച്ചത്. കൊവിഡ് ഭീതി വകവയ്ക്കാതെ നൂറുകണക്കിന് പ്രദേശ വാസികളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഇവരെല്ലാം ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം നിരീക്ഷണത്തിൽ കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |