ആഗോള യുവ ദിനത്തിൽ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെപ്പറ്റി ചെറുപ്പക്കാർക്ക് പ്രതികരിക്കാൻ കേരളകൗമുദി അവസരം നൽകിയപ്പോൾ നിരവധി പേരാണ് അഭിപ്രായങ്ങൾ അയച്ചുതന്നത്.അവയിൽ നിന്നും തിരഞ്ഞെടുത്ത പ്രതികരണങ്ങൾ പ്രസിദ്ധീകരിക്കുന്നു.
മാളവിക പി.വി
വിദ്യാർത്ഥി
തിരുവനന്തപുരം
ലോക്ക് ഡൗൺ നടപ്പാക്കിയതിനാൽ ആദ്യഘട്ടത്തിൽ കൊവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞു. എന്നാൽ ജനം ബുദ്ധിമുട്ടിയതോടെ സർക്കാരിന് ഇളവുകൾ നടപ്പാക്കേണ്ടി വന്നു.അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുടെ കാര്യത്തിൽ സംഭവിച്ച ജാഗ്രത കുറവ് കൂടി ആയപ്പോൾ സ്ഥിതിഗതികൾ രൂക്ഷമായി. വീണ്ടുമൊരു സമ്പൂർണ ലോക്ക് ഡൗൺ എന്നത് നമുക്ക് ഇനി ചിന്തിക്കാൻ പോലും കഴിയില്ല. അതിനായി നാം ഓരോരുത്തരും ജീവിതരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ എല്ലാവരും അനുസരിച്ചാൽ രോഗവ്യാപനത്തെ നമുക്ക് പിടിച്ചു കെട്ടാൻ സാധിക്കും.ഒപ്പം കൊവിഡിനെത്തുടർന്ന് ജീവിതം വഴിമുട്ടിപ്പോയവരെ സഹായിക്കാൻ കൂടി നാം സന്നദ്ധരാകണം. അത് സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നൽകുന്ന ഊർജ്ജം ചെറുതല്ല
ശ്രീഹരി. എൽ.കെ. എൽ.എൽ.ബി വിദ്യാർത്ഥി. ഒറ്റശേഖരമംഗലം.
പല രാജ്യങ്ങളും കൊവിഡിനെതിരെ പോരാടിയത് അതത് രാജ്യത്തെ പാരമ്പര്യ ചികിത്സകളും കൂടി ഉൾപ്പെടുത്തിയാണ്. പലയിടത്തും അത് ഫലപ്രദമാണെന്നും അറിയാൻ കഴിഞ്ഞു.ചൈന,ക്യൂബ തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണങ്ങളാണ്.നമ്മുടെ രാജ്യത്തെ ജനങ്ങൾ പല തട്ടിൽ ജീവിക്കുന്നവരാണ്.അതുകൊണ്ടു തന്നെ ലോക്ക് ഡൗൺ മികച്ച ഒരു പ്രതിരോധ മാർഗമല്ല. പല പ്രദേശങ്ങളിലും ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങൾ ഫലം കാണുന്നതായി പത്ര മാദ്ധ്യമങ്ങൾ വഴി അറിയുന്നുണ്ട്.എന്നാൽ ഇവിടത്തെ ആയുഷ് വകുപ്പിന്റെ മേലധികാരികൾ ഉറക്കം നടിക്കുകയാണ്.
ബിജു ഭരതൻ, കരുനാഗപ്പള്ളി
കൊവിഡിനെ പിടിച്ചു കെട്ടാനുള്ള ആരോഗ്യവകുപ്പിന്റെ ആദ്യകാലപ്രവർത്തനങ്ങൾ വളരെ മികച്ചതായിരുന്നു. ഷൈലജ ടീച്ചർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇപ്പോൾ അന്യസംസ്ഥാനക്കാർ വഴിയാണ് രോഗം ഇത്രയും കൂടാൻ കാരണം.സർക്കാർ അക്കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണം.
സൂരജ് സുരേന്ദ്രൻ, കരുനാഗപ്പള്ളി
കൊവിഡിനെ തുരത്താൻ കേരളം ഒറ്റകെട്ടായി പൊരുതി .ഇന്നും നമ്മൾ പൊരുതികൊണ്ടിരിക്കുന്നു. ഇതുപോലെ മുന്നേറിയാൽ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാം .. ജാഗ്രത കൈവിടാതെ .. സാമൂഹിക അകലം പാലിച്ചു മുന്നേറാം
മനു സുഗതൻ അബുദാബി
ഞാൻ ഒരു പ്രവാസിയാണ്. അതുകൊണ്ട് കൊവിഡിനെ അടുത്തറിയാൻ കഴിഞ്ഞു. ഒട്ടും പേടിവേണ്ട, ഒന്ന് സൂക്ഷിച്ചാൽ മതി. മറ്റെങ്ങും കാണാത്ത ഒരു ഒത്തൊരുമ കേരളത്തിലുണ്ട്, എന്തിനേയും നേരിടാൻ അതുമതി. കൊവിഡിനെ നമ്മൾ അതിജീവിക്കും മറ്റെന്തിനെയും പോലെ. ഒത്തൊരുമയോടെ അതിജീവിക്കാം അകന്നുനിന്നുകൊണ്ട്.
ശബാബ് മഞ്ചേരി
നിലവിൽ കൊവിഡ് ബാധിക്കുന്നവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. ഭീതി കുറഞ്ഞു... ജനങ്ങൾക്ക് കൊവിഡിനെയല്ല ക്വാറന്റൈനെയാണ് ഭയം. ജനങ്ങളുടെ അശ്രദ്ധയാണ് വ്യാപനം കൂടാൻ കാരണം.'പേടിയും ജാഗ്രതയും വേണം എന്നാൽ കൊവിഡിനെ പിടിച്ചു കെട്ടാം' മറ്റുള്ളവർക്ക് എന്നിൽ നിന്ന് പകരുമോ എന്ന പേടിയാണ് വേണ്ടത്.
അരുൺ എസ് മധു, തിരുവനന്തപുരം
ആദ്യഘട്ടങ്ങളിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതായിരുന്നു കേരളത്തിന്റെ ചെറുത്തുനിൽപ്പ്. ജൂലായ് ആഗസ്റ്റ് മാസങ്ങളിൽ കൊവിഡ് വ്യാപനം തീവ്രമാകുമെന്ന ആരോഗ്യ വിദഗ്ദ്ധധരുടെ നിർദേശം നമ്മൾ കാര്യമാക്കിയില്ല എന്നതാണ് സത്യം. ഞാൻ കാരണം ഒരാളിലേക്കും രോഗം പകരില്ല എന്ന് പ്രതിജ്ഞ എടുക്കുക .അപ്പോൾ തന്നെ നാം പകുതിയിലേറെ വിജയിച്ചിരിക്കുന്നു
ആർ. ജിഷി, കൊല്ലം
സർക്കാർ നിർദേശങ്ങൾ പാലിക്കാതെ,മാസ്ക് വയ്ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കറങ്ങി നടക്കുന്നവർ ഇനി എന്ന് പഠിക്കാൻ? നമ്മൾ സൂക്ഷിച്ചാൽ നമ്മൾ സുരക്ഷിതരായിരിക്കും. ഇനിയും പഠിക്കാത്തവരോട് ഒന്നും പറയാനില്ല. സർക്കാർ ഉണർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |