തൃപ്രയാർ: സംസ്ഥാനത്താകെയുള്ള 38 ടെക്നിക്കൽ സ്കൂളുകളിലും മലയാളം അദ്ധ്യാപകരുടെ സ്ഥിര നിയമനം നടന്നിട്ട് വർഷങ്ങളേറെ. 2015ൽ കണ്ണൂരിൽ ഒരു പാർട്ട് ടൈം അദ്ധ്യാപക നിയമനം നടന്നതൊഴിച്ചാൽ മറ്റു സ്കൂളുകളിൽ കരാർ അദ്ധ്യാപകരാണ് പഠിപ്പിക്കുന്നത്. ജില്ലയിൽ 56 വർഷമായി നിയമനം നടന്നിട്ട്. ടെക്നിക്കൽ സ്കൂളുകളിലേക്ക് ഉൾപ്പെടെ 2018ൽ പി.എസ്.സി നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമനത്തിന് കാത്തിരിപ്പാണ്.
2019 ലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. മെയിനിൽ 19 പേരുൾപ്പെടെ 54 പേർ ലിസ്റ്റിലുണ്ടായിരുന്നു. ഒരാളെയും ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല. ഒഴിവുകളെകുറിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരമായി കരാർ അദ്ധ്യാപകരാണ് മലയാളം പഠിപ്പിക്കുന്നതെന്ന് കണ്ടെത്തിയത്. ടെക്നിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുമായി റാങ്ക് ലിസ്റ്റിലുള്ളവർ ബന്ധപ്പെട്ടെങ്കിലും ത്യപ്തികരമായ മറുപടി കിട്ടിയില്ലെന്ന് ഒന്നാം റാങ്കുകാരനായ എടമുട്ടം പാലപ്പെട്ടി സ്വദേശി ടി. മുരളീമോഹൻ പറഞ്ഞു. എഡ്യുക്കേഷൻ ഡയറക്ടർക്കെതിരെ കോടതിയിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് മുരളീമോഹൻ. അദ്ധ്യാപക ഒഴിവുണ്ടായിട്ടും സ്കൂൾ അധിക്യതർ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. ടെക്നിക്കൽ സ്കൂളുകളിലേക്ക് വിളിച്ചന്വേഷിച്ചാൽ ഒഴിവില്ലെന്നാണ് പറയുക. തൃശൂരിൽ 2 ടെക്നിക്കൽ സ്കൂളുകളാണുള്ളത്. കൊടുങ്ങല്ലൂർ ടെക്നിക്കൽ സ്കൂൾ അധിക്യതർ പി.എസ്.സിക്ക് ഒഴിവുണ്ടെന്ന് റിപ്പോർട്ട് നൽകിയെങ്കിലും തൃശൂരിലെ സ്കൂൾ ഇതുവരെയും റിപ്പോർട്ട് നൽകിയിട്ടില്ല.
ടെക്നിക്കൽ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ ഇംഗ്ളീഷ്, മലയാളം, സയൻസ് വിഷയങ്ങളിൽ നിയമനം നടത്തുക പൊതു വിദ്യഭ്യാസ വകുപ്പാണ്. 8, 9, 10 ക്ളാസുകളിൽ മലയാളം നിർബന്ധമായും പഠിക്കേണ്ടതാണ്. സ്ഥിരം അദ്ധ്യാപകരുണ്ടെങ്കിൽ പഠനനിലവാരം മെച്ചപ്പെടുത്താൻ കഴിയും. എന്നാൽ വകുപ്പിന്റെ ഉത്തരവില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതരെന്ന് പറയുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് റാങ്ക് പട്ടികയിലുള്ളവർ. ലിസ്റ്റിലുള്ളവരുടെ പ്രായപരിധിയും പ്രശ്നമായി അവശേഷിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |