കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണ്. ഇവയിൽ പലതും ആരോഗ്യ പ്രവർത്തകർ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതും എന്നാൽ നമ്മളിൽ പലരും അത്രയ്ക്ക് കാര്യമായി എടുത്തിട്ടില്ലാത്തവയുമാണ്.
വീട്ടിൽ ഒരു കിടപ്പ് രോഗിയുണ്ടെങ്കിൽ ഏറ്റവും ആരോഗ്യമുള്ള ഒരാൾ തന്നെയാണ് അവരെ പരിചരിക്കേണ്ടത്. ഗ്ലൗസും മാസ്കും ഉപയോഗിക്കാനും ആവശ്യമെങ്കിൽ രോഗിക്ക് കൂടി ഒരു മാസ്ക് വച്ചു കൊടുക്കാനും മടിക്കേണ്ടതില്ല. ദീർഘനാളായി കിടപ്പിലായവരെ പരിചരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധവേണം. രോഗിയിൽ നിന്ന് പരിചരിക്കുന്നവർക്കും തിരിച്ചും പലവിധ രോഗങ്ങൾ പകരാനിടയുണ്ട്.
കാൻസർ രോഗികൾ, വൃക്കരോഗികൾ, അവയവങ്ങൾ മാറ്റിവച്ചവർ, രോഗപ്രതിരോധവുമായി ബന്ധപ്പെട്ട രോഗമുള്ളവർ തുടങ്ങിയവർക്ക് പ്രതികരണശേഷി കുറയ്ക്കാൻ ഉതകുന്ന മരുന്നുകൾ കൂടി നൽകുന്നുണ്ടാകും. അങ്ങനെയുള്ളവരിൽ കൊവിഡ് പോലെയുള്ള വൈറസ് രോഗങ്ങൾ എളുപ്പത്തിൽ ബാധിക്കാനും അത് മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം രോഗികളെ പരിചരിക്കുമ്പോൾ കൃത്യമായ മുൻകരുതൽ ആവശ്യമാണ്. രോഗിയുടെ തുപ്പൽ, തുമ്മൽ, മലം, മൂത്രം തുടങ്ങിയ ശ്രവങ്ങളിലൂടെ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.
ജലദോഷവും തുമ്മലുമുള്ളവർ പ്രത്യേകിച്ച് കുട്ടികളും ഇനി മാസ്ക് വയ്ക്കേണ്ടിവരും. മുഖം മറച്ചു തുമ്മാൻ ഒരു തൂവാല കരുതണമെന്ന് മുമ്പും പറയുമായിരുന്നു.
അന്യവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സാനി ട്ടൈസർ, മാസ്ക് എന്നിവ ഉപയോഗിക്കാനും പരമാവധി അകലം പാലിക്കാനും ശ്രദ്ധിക്കണം. ടാക്സികളിൽ കാബിൻ സംവിധാനം ഏർപ്പെടുത്തി യാത്രക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്മളോട് സംസാരിക്കുന്നവർ, പരിചിതരായാലും അപരിചിതരായാലും അവർ കൊവിഡ് പോസിറ്റീവ് ആയിരിക്കുമെന്ന് നമ്മളും, നമ്മൾ പോസിറ്റീവ് ആയിരിക്കുമെന്ന് മറ്റുള്ളവരും കരുതി ജാഗ്രതയോടെ ഇടപഴകുന്നതാണ് നല്ലത്.
പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കുകയും കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. എല്ലാ കാര്യങ്ങളും വൃത്തിയോടെ ചെയ്യാനും ശ്രദ്ധിക്കണം. വായു സമ്പർക്കമുള്ള രീതിയിൽ വാഹനങ്ങളും മുറികളും ഉപയോഗിക്കുകയും എ.സി യുടെ ഉപയോഗം ഒഴിവാക്കുകയും വേണം.
സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് രോഗാരംഭത്തിൽ തന്നെ ചികിത്സ ചെയ്യണം. തുടർച്ചയായി മരുന്ന് കഴിക്കുന്നവർ ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകൾക്ക് കൃത്യമായ ഇടവേളകളിൽ വിധേയമാകണം.
കൊതുകിന്റെ സ്രോതസ്സുകൾ ഏതുവിധേനയും നശിപ്പിക്കണം. ദിവസവും രണ്ടുനേരം കുളിക്കാൻ ശ്രമിക്കണം.ഒരിക്കൽ ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകിയുണക്കി മാത്രമേ വീണ്ടും ഉപയോഗിക്കാവൂ. മലിനജലത്തിൽ ചവിട്ടരുത്. പ്രത്യേകിച്ചും മുറിവുകളുള്ള ഭാഗവുമായി മലിനജലസമ്പർക്കം ഉണ്ടാകരുത്. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തിനും ഉറക്കത്തിനും മറ്റു ശീലങ്ങൾക്കും വ്യത്യാസം വരുത്തണം.
പേപ്പർ ഡോക്യുമെൻറുകൾ കൈമാറുന്നത് കുറയ്ക്കുക. പകരം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സംവദിക്കുക.
പനി, ജലദോഷം തുടങ്ങിയ പകരാൻ സാദ്ധ്യതയുള്ള രോഗമുള്ളവർ പൊതു വാഹനങ്ങളിൽ യാത്ര ചെയ്യരുത്. സ്കൂളിലും ഓഫീസിലും പണിസ്ഥലത്തും പോകരുത്.
ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകാൻ മറക്കണ്ട.
ടോയ്ലറ്റിൽ പോകുന്നതിന് മുമ്പും കൈകൾ സോപ്പിട്ട് തന്നെ കഴുകണം.
മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ പ്രത്യേകം വൃത്തിയാകാൻ ശ്രദ്ധിക്കണം.
അപരിചിതർക്ക് വാഹനങ്ങളിൽ ലിഫ്റ്റ് നൽകുന്നതും അടുത്തിരുന്ന് യാത്ര ചെയ്യുന്നതും അത്ര നല്ലതല്ല.
എല്ലാ കടകളിലും സർക്കാർ ഉൾപ്പെടെ നൽകുന്ന സേവനങ്ങൾക്കും ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുന്നത് നല്ലത്. അല്ലാതെ സാമൂഹിക അകലം പാലിക്കൽ കാര്യക്ഷമമാകണമെന്നില്ല.
അസുഖമുണ്ടാകാൻ ചില കുഴപ്പങ്ങൾ കാരണമാകുന്നത് പോലെ ആരോഗ്യത്തോടെയിരിക്കാ നല്ല ശീലങ്ങളും കാരണമാകുന്നു. വെറുതെ വന്നുചേരുന്ന ഒന്നല്ല ആരോഗ്യം. അതിനാൽ ആരോഗ്യം ഉണ്ടാകണമെങ്കിൽ അതിനുവേണ്ടിയും പ്രയത്നിക്കേണ്ടതുണ്ട്.
വെറുതെ തൊട്ടുനടക്കരുത്
സ്വന്തം ആരോഗ്യം മാത്രം വർദ്ധിപ്പിച്ച് പകർച്ചവ്യാധികളെ തടയാനാവില്ല. തന്നെപ്പോലെ തന്റെ അയൽക്കാരും ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം ലഭിക്കുകയുള്ളൂ.
സ്വന്തം ആരോഗ്യവും വളരെ ശ്രദ്ധിക്കേണ്ടത് തന്നെ. അതിനായി കൃത്യനിഷ്ഠ, ദിനചര്യ, കാലാവസ്ഥയ്ക്കനുസരിച്ചുള്ള ജീവിതരീതി, ലഘു വ്യായാമങ്ങൾ,നല്ല ഭക്ഷണം, ഉറക്കം തുടങ്ങിയവ ആവശ്യമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം രോഗസാധ്യത കുറയ്ക്കും.
സ്പർശിക്കുന്ന എല്ലാ വസ്തുക്കളും വൃത്തിയുള്ളതായിരിക്കാനും വസ്തുക്കളിൽ തൊട്ട കൈകൾ സോപ്പുപയോഗിച്ച് കഴുകാനും ശ്രദ്ധിക്കണം. പലേടത്തും വെറുതെ തൊടുന്നത് ഒഴിവാക്കണം. കോണിപ്പടിയുടെയും എസ്കലേറ്ററിന്റേയും വശങ്ങൾ തുടങ്ങിയവയിൽ പിടിച്ചു കയറുന്നത് ഒഴിവാക്കാൻ ശ്രമിക്കണം. ലിഫ്റ്റിലേയും റൂമിലേയും സ്വിച്ചും കോളിംഗ് ബെല്ലും വിരൽത്തുമ്പുകൊണ്ട് തൊടുന്നത് ഒഴിവാക്കാൻ ശ്രമിക്കണം. പകരമായി വിരൽ മടക്കി വിരലിന്റെ പുറംമുട്ട് ഉപയോഗിക്കാം. കതക് തുറക്കാൻ കൈമുട്ട് ഉപയോഗിക്കണം. കതകിന്റെ ഹാൻഡിൽ, ടിവിയുടെ റിമോട്ട്, കമ്പ്യൂട്ടർ കീബോർഡ്, മൊബൈൽ ഫോൺ, ഓഫീസ് ഫയലുകൾ തുടങ്ങിയവ എത്രമാത്രം ശ്രദ്ധിച്ച് ഉപയോഗിക്കാമോ അത്രയും നല്ലത്. ലിഫ്റ്റിൽ പരമാവധി സാമൂഹിക അകലം പാലിച്ച് കയറാവുന്ന ആൾക്കാരുടെ എണ്ണം പുതുക്കി പ്രദർശിപ്പിക്കണം.
ഗ്യാസ് സിലിണ്ടർ
മൂന്ന് ദിവസം പുറത്ത്
കറൻസിയുടെ വിനിയോഗം നേരിട്ടാകാതിരുന്നാൽ അത്രയും നല്ലത്.
മൊബൈൽ ഫോൺ മറ്റൊരാളിന് കൈകാര്യം ചെയ്യാൻ നൽകരുത്. വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കി ഇലക്ട്രോണിക് വിനിമയ സംവിധാനം ഉപയോഗിക്കുക.
ഗ്യാസ് സിലിണ്ടർ വാങ്ങി വെയ്ക്കുമ്പോഴും സാധനങ്ങളും വസ്ത്രങ്ങളും വാങ്ങുമ്പോഴും സർവ്വീസിന് കൊടുത്തവാഹനങ്ങൾ തിരികെ ലഭിക്കുമ്പോഴും അവ കൈകാര്യം ചെയ്യുന്നതിന് മുമ്പ് അണു നശീകരണം നടത്തുക. ഇവയുടെ പ്രതലങ്ങളിൽ പരമാവധി മൂന്ന് ദിവസം മാത്രമേ വൈറസ് ജീവിച്ചിരിക്കൂ എന്ന് നിരീക്ഷണങ്ങളുണ്ട്. കൊണ്ടുവന്ന ഗ്യാസ് സിലിണ്ടർ മൂന്ന് ദിവസത്തിന് ശേഷം മാത്രം വീട്ടിനുള്ളിലേക്ക് വച്ച് നമ്മൾ സുരക്ഷിതരാകുകയും ഗ്യാസിന് ബുക്ക് ചെയ്യുമ്പോൾ തന്നെ സിലിണ്ടർ പുറത്തെടുത്തുവച്ച് തിരികെ എടുത്ത് കൊള്ളാൻ പറയുന്നതിലൂടെ ഗ്യാസ് ഏജൻസിയുടെ സർവ്വീസ് ബോയിയെ സുരക്ഷിതമാക്കുന്നതിനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |