ന്യൂയോർക്ക് : നവംബറിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമേഷ്യയിൽ അപൂർവമായ വിജയമാണ് കഴിഞ്ഞ ദിവസം യു.എസ് നയതന്ത്രത്തിന് ലഭിച്ചത്. അമേരിക്കയുടെ സഖ്യകക്ഷികളായ യു.എ.ഇയും ഇസ്രയേലും തമ്മിലുള്ള സുപ്രധാന സമാധാന കരാറിന് മദ്ധ്യസ്ഥത വഹിച്ചുകൊണ്ടാണ് ട്രംപ് ഈ വിജയം നേടിയെടുത്തിരിക്കുന്നത്.
കരാറിന്റെ ഭാഗമായി 49 വര്‍ഷത്തിനുശേഷം ഇസ്രയേലും യു.എ.ഇയും തങ്ങളുടെ നയതന്ത്ര ബന്ധം പൂര്‍ണ്ണമായും സാധാരണമാക്കും. അവര്‍ എംബസികളെയും അംബാസഡര്‍മാരെയും കൈമാറ്റം ചെയ്യുകയും അതിര്‍ത്തിയിലുടനീളം സഹകരണം ആരംഭിക്കുകയും ചെയ്യും. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യു.എ.ഇയും അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അബു ദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണത്തിലൂടെ കരാർ നടപടികൾക്ക് അന്തിമരൂപം നൽകിയ ഉയൻ തന്നെ ട്രംപ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഒരു വലിയ വഴിത്തിരിവായാണ് ഇസ്രയേൽ - യു.എ.ഇ സഹകരണത്തെയും ഇതിന് മദ്ധ്യസ്ഥത വഹിച്ച യു.എസ് നയതന്ത്രത്തെയും ട്രംപ് വിശേഷിപ്പിച്ചത്. വരും നാളുകളിൽ സമാനമായ കരാറുകൾ മിഡിൽ ഈസ്റ്റിൽ നിന്നും പ്രതീക്ഷിക്കാമെന്നും ട്രംപ് സൂചന നൽകിയിട്ടുണ്ട്.
യു.എ.ഇ - ഇസ്രയേൽ കരാർ അസാധ്യമെന്നാണ് ഏവരും വിശേഷിപ്പിച്ചതെന്നും ട്രംപ് ഓർമിപ്പിക്കുന്നു. പശ്ചിമേഷ്യയിലെ ഈ നിർണായക ഇടപെടൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡനെതിരെയും യു.എസ് സമ്പദ്‌വ്യവസ്ഥയെ തകർത്തുകൊണ്ടിരിക്കുന്ന കൊവിഡിനെ നിയന്ത്രിക്കുന്നതിൽ തന്റെ ഭരണകൂടം നേരിട്ടുകൊണ്ടിരിക്കുന്ന വിമർശനങ്ങൾക്കെതിരെയും ഇനി ഒരു ' ആഗോള രാഷ്ട്രതന്ത്രജ്ഞനെ'ന്ന ലേബലിലായിരിക്കും ട്രംപിന്റെ പോരാട്ടമെന്നാണ് വിലയിരുത്തുപ്പെടുന്നത്. കൊവിഡിന് പുറമേ വംശീയ പ്രക്ഷോഭങ്ങളും തിരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയാകാനിരിക്കെയാണ് നയതന്ത്ര രംഗത്ത് അപ്രതീക്ഷിത വിജയവുമായി ട്രംപ് എത്തിയിരിക്കുന്നത്. ട്രംപിന്റെ മരുമകനും മുഖ്യ ഉപദേശകനുമായ ജെറാദ് കുഷ്നർക്കും പുതിയ കരാർ പ്രാവർത്തികമാകുന്നതിന് നിർണായക പങ്കുണ്ട്.
അതേ സമയം, യു.എ.ഇ - ഇസ്രയേൽ കരാറിനെ ട്രംപിന്റെ എതിരാളി ജോ ബൈഡനും സ്വാഗതം ചെയ്തിട്ടുണ്ട്. ബറാക് ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായിരിക്കെ ഇസ്രയേലിന്റെയും യു.എ.ഇയുടെയും ഭരണാധികാരികളുമായി താൻ വ്യക്തിപരമായ സമയം ചെലവഴിച്ചിട്ടുണ്ടെന്നും, ശത്രുകളും വ്യത്യാസങ്ങളും എത്രനാൾ കൊണ്ട് നിലനില്ക്കുന്നതാണെങ്കിൽ പോലും അവിടെ യു.എസ് നയതന്ത്രത്തിന് വഹിക്കാനാകുന്ന നിർണായക പങ്കിനെ കുറിച്ചുള്ള ഓർമപ്പെടുത്തലാണിതെന്നും ബൈഡൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |