ന്യൂഡൽഹി: ലോകജനതയെയാകെ ഭീതിയിൽ ആഴ്ത്തിയ കൊവിഡ് രോഗം മനുഷ്യ ജീവനും, ജീവനോപാധിക്കുമെല്ലാം വലിയ നാശമാണ് ആറ് മാസങ്ങൾ കൊണ്ട് തീർത്തത്. ഈ മഹാമാരിയെ പിടിച്ചു കെട്ടാനുളള വാക്സിൻ, ഔഷധങ്ങൾക്കായുളള നിരന്തര ശ്രമത്തിലാണ് വിവിധ ലോകരാജ്യങ്ങൾ. സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും സമ്പർക്കം ഒഴിവാക്കിയും ജനം സാദ്ധ്യമായ വഴിയിലൂടെ പൊരുതുമ്പോൾ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രലോകം വാക്സിന്റെ അവസാഘട്ട പരീക്ഷണത്തിലാണ്. ഏതാനും മാസങ്ങൾക്കകം വാക്സിൻ പരീക്ഷണങ്ങൾ പൂർത്തിയാകും എന്നാണ് കരുതുന്നത്.
നൂറിലേറെ വാക്സിൻ പരീക്ഷണങ്ങൾ വിവിധ ഘട്ടങ്ങളിൽ നടക്കുമ്പോൾ ലോക രാജ്യങ്ങളെ അമ്പരപ്പിച്ച് റഷ്യ 'സ്പുട്നിക് 5' എന്ന പേരിൽ കൊവിഡ് വാക്സിൻ പുറത്തിറക്കിയത്. കൊവിഡിനെതിരെ ലോകത്ത് ആദ്യമായി വാക്സിൻ പുറത്തിറക്കുന്ന രാജ്യമെന്ന ക്രെഡിറ്റ് അതോടെ റഷ്യ സ്വന്തമാക്കി. പരീക്ഷണം വിജയിച്ചതോടെയാണ് വാക്സിൻ രജിസ്റ്റർ ചെയ്ത് പുറത്തിറക്കിയതെന്ന് റഷ്യ അവകാശപ്പെട്ടു. എന്നാൽ, ധൃതിപിടിച്ച് വാക്സിൻ പുറത്തിറക്കി എന്ന ആക്ഷേപം റഷ്യയ്ക്ക് കേൾക്കേണ്ടി വന്നു. മോസ്കോയിലെ ഗാമാലെയാ ഇൻസ്റ്റിറ്റ്യൂട്ടിൽ പിറവികൊണ്ട വാക്സിൻ വിജയമാണോ എന്നത് ഇത് രോഗികളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുമ്പോഴേ വ്യക്തമാകൂ. വാക്സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർദ്ധിച്ചേക്കാമെന്ന് വൈറോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, റഷ്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്.
റഷ്യ പുറത്തിറക്കിയതുകൂടാതെ നിരവധി വാക്സിനുകളാണ് ഇപ്പോൾ അന്തിമഘട്ട പരീക്ഷണത്തിലുള്ളത്. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെ ഓക്സ്ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ അനുമതി ലഭിച്ചിട്ടുണ്ട്. 17 സ്ഥലങ്ങളിലായാണ് പരീക്ഷണം നടത്തുക.
ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് എസ്.യു.എം ആശുപത്രിയിലും നടക്കുന്നു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് പരീക്ഷണം. ഐ.സി.എം.ആറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയും സംയുക്തമായാണ് കോവാക്സിൻ വികസിപ്പിക്കുന്നത്. ചൈനയും വാക്സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. അമേരിക്കയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.
കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ് ബഹ്റൈൻ. യു.എ.ഇയിൽ നടത്തിയ
വാക്സിൻ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത് ചൈനീസ് കമ്പനിയായ സിനോഫാമാണ്. അതേസമയം, സൗദി അറേബ്യയും വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ചൈനീസ് കമ്പനിയായ കാൻസിനോയുമായി സഹകരിച്ചാണ് അവർ
വാക്സിൻ വികസിപ്പിക്കുന്നത്. സൗദി അറേബ്യയിൽ 5,000 പേരിൽ ക്ലിനിക്കൽ ട്രയൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പരീക്ഷണം നടത്താനാണ് തീരുമാനം. റഷ്യയ്ക്കുശേഷം അടുത്തത് ആരാണ് വാക്സിൻ പുറത്തിറക്കുന്നത് എന്ന് ഉറ്രുനോക്കുകയാണ് ലോകം. അതിവേഗം നടക്കുന്ന പരീക്ഷണങ്ങൾ പൂർത്തിയാക്കി ആരാകും അടുത്ത വാക്സിൻ പുറത്തിറക്കുക എന്ന് കാത്തിരുന്ന് കാണേണ്ട സംഗതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |