ന്യൂഡൽഹി: ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറിയ ചൈനയുടെ പേരുപറയാൻ അധികാരത്തിലിരിക്കുന്നവർ എന്തിനാണ് ഭയപ്പെടുന്നതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. എല്ലാ കോൺഗ്രസ് പ്രവർത്തകരും, ഓരോ ഇന്ത്യക്കാരനും സായുധ സേനയിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് തൊട്ടുപിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുർജേവാല.ചൈനയ്ക്ക് തിരിച്ചടി നൽകി രാജ്യത്തെ സംരക്ഷിക്കാൻ എന്താണ് ചെയ്യുന്നതെന്ന് എല്ലാ ഇന്ത്യക്കാരും സർക്കാരിനോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചെങ്കോട്ടയിൽവച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേ ചൈനയെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചിരുന്നു. 'രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തവർക്ക് ഇന്ത്യൻ സൈനികർ ഉചിതമായ മറുപടി നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടാണെന്ന്' ചൈനയുടെ പേര് വെളിപ്പെടുത്താതെ മോദി പറഞ്ഞിരുന്നു.
'ഓരോ കോൺഗ്രസ് പ്രവർത്തകനും 130 കോടി ഇന്ത്യക്കാരും ഞങ്ങളുടെ സായുധ സേനയെക്കുറിച്ച് അഭിമാനിക്കുന്നു, അവരിൽ പൂർണ്ണ വിശ്വാസമുണ്ട്. ആക്രമണം നടക്കുമ്പോഴെല്ലാം ചൈനയ്ക്ക് ഉചിതമായ മറുപടി നൽകിയതിന് ഞങ്ങൾ സായുധ സേനയെ അഭിവാദ്യം ചെയ്യുന്നു. എന്നാൽ ഭരണത്തിൽ ഇരിക്കുന്നവരുടെ കാര്യമോ? ചൈനയുടെ പേര് പരാമർശിക്കാൻ അവർ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? സുർജേവാല ചോദിച്ചു.
നമ്മുടെ സർക്കാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടോ? നമ്മുടെ സർക്കാർ പൊതുജനാഭിപ്രായത്തിൽ വിശ്വസിക്കുന്നുണ്ടോ? സംസാരിക്കാനും ചിന്തിക്കാനും യാത്ര ചെയ്യാനും നമുക്ക് ഇഷ്ടമുള്ളത് ധരിക്കാനും, ഉപജീവനമാർഗം നേടാനും ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടോ,' സുർജേവാല ചോദിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ എന്നിവരാണ് 'ആത്മനിർഭാർ ഭാരതിന്റെ അടിത്തറ പാകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |