വടകര:തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടത്തിൽ ശ്രീനിത്യയെ കണ്ടതോടെ നാട്ടുകാരുടെ കണ്ണിൽ അതിശയം. പലരും ചോദിക്കുകയും ചെയ്തു, ഈ എൽ.എൽ.ബിക്കാരിക്ക് ഇവിടെയന്താ കാര്യമെന്ന്. പക്ഷെ,പുഞ്ചിരിയിൽ മറുപടിയൊളിപ്പിച്ച് കൈയിലെ തൂമ്പ മണ്ണിന്റെ ആഴങ്ങളിലേക്ക് പതിച്ച് ആ വിദ്യാർത്ഥിനി കരുതലിന്റെ നല്ലമണ്ണ് ഒരുക്കിക്കൊണ്ടേയിരുന്നു. അഴിയൂർ പഞ്ചായത്തിലെ കല്ലാമല ശ്രീധർമ്മത്തിൽ ബിന്ദു - സുധർമ്മൻ ദമ്പതികളുടെ മകൾ പി.കെ.ശ്രീനിത്യയാണ് സ്വന്തം തലമുറയ്ക്ക് അതിജീവനത്തിന്റെ പുതിയ പാഠം പകർന്നു നൽകുന്നത്. അഴിയൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയായ ഒ.ടി വിജിലയുടെ കീഴിലുള്ള എസ്.സി /ബി.പി.എൽ /വിധവ/ ചെറുകിടനാമമാത്ര കർഷകരുടെ ഭൂമിയിൽ മണ്ണ്, ജല സംരക്ഷണ പ്രവൃത്തിയിലാണ് ശ്രീനിത്യ തൂമ്പയുമായി ജോലിക്കിറങ്ങിയത്. ശ്രീനിത്യയുടെ അമ്മ ബിന്ദു പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയാണ്. തൊഴിലിടത്തെ ശ്രീനിത്യയുടെ സാന്നിധ്യമറിഞ്ഞ് പഞ്ചായത്ത് ഭാരവാഹികളും കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അദ്ധ്യാപകരും അഭിനന്ദിക്കാനെത്തി. പഞ്ചായത്ത് പ്രസിഡന്റ് വി. പി.ജയൻ ഉപഹാരം നൽകി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ അനിൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, വാർഡ് മെമ്പറായ ശുഭ മുരളീധരൻ , പി.പി ശ്രീധരൻ, ഓവർസിയര്‍ കെ.രഞ്ജിത്ത്, അദ്ധ്യാപകരായ ദീപ് രാജ്, പി.പി.പ്രീജിത്ത്കുമാർ, സജീഷ്, സലേഷ് കുമാർ, റിയാസ് ,രാഹുൽ ശിവ എന്നിവരും സന്നിഹിതരായി. തീക്ഷ്ണമായ പരീക്ഷണ കാലത്ത് വീടിനുള്ളിലെ അവസ്ഥയും ഓൺലൈൻ പഠനചെലവും ഓർത്താണ് ജോലിക്കെത്തിയതെന്ന് ശ്രീനിത്യ പറഞ്ഞു. കണ്ണൂർ പാലയാട് ക്യാമ്പസിലെ ഏഴാം സെമസ്റ്റർ എൽ.എൽ.ബി വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |