കോഴിക്കോട്: കൊങ്കൺ റെയിൽവേയിൽ മാത്രം ഒതുങ്ങി നിന്ന റോ - റോ ട്രെയിൻ സർവീസ് ഇനി കേരളത്തിലേക്കും. കഴിഞ്ഞ ദിവസത്തേതിന് പിന്നാലെ ഇന്നലെ നടത്തിയ പരീക്ഷണ ഓട്ടവും വിജയകരമായിരുന്നുവെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
ഷൊർണൂർ വരെ ഓടിയെങ്കിലും തത്കാലം വെസ്റ്റ്ഹിൽ സ്റ്റേഷൻ വരെയായി സർവീസ് പരിമിതപ്പെടുത്താനാണ് തീരുമാനം. വെസ്റ്റ് ഹിൽ സ്റ്റേഷന് മാത്രമെ റോ - റോ യിലെത്തുന്ന ലോറികൾ ഉൾക്കൊള്ളാൻ ശേഷിയുള്ളു. ഇവിടെ കുറച്ച് കൂടി സൗകര്യങ്ങൾ ഏർപ്പെടുത്താനുമുണ്ട്. ഇത്രയും ലോറികൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കുന്നതിനു പിറകെ മറ്റ് സ്റ്റേഷനുകളിൽ ക്രമേണ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ആലോചന.
ബുധനാഴ്ച കൊങ്കൺ പാതയിലെ സൂരത്കലിൽ നിന്ന് വെസ്റ്റ്ഹിൽ വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തുടർന്ന് ഇന്നലെ ഷൊർണൂർ വരെയും. ഷൊർണൂരിന് അപ്പുറത്തേക്ക് സർവീസ് നീട്ടാൻ പരിമിതികളുണ്ട്. തിരുവനന്തപുരം വരെ സർവീസ് നടത്തുമ്പോഴേ റോ റോ സർവീസിന്റെ പൂർണഗുണം സംസ്ഥാനത്തിന് ലഭിക്കൂ.
നേട്ടങ്ങൾ ഇവ
ചരക്കുകൾ വേഗത്തിലും സുരക്ഷിതമായും കുറഞ്ഞ നിരക്കിലും എത്തിക്കാം.
റോ - റോ വഴി ചരക്കുനീക്കം കൂടുമ്പോൾ റോഡുകളിലെ തിരക്ക് കുറയും. ട്രാഫിക് തടസം ഒരു പരിധി വരെ ഒഴിവാക്കാം.
ഇന്ധന ഉപയോഗം ഗണ്യമായി കുറയുന്നതോടെ വായു മലിനീകരണം ഒഴിവാക്കാനും കഴിയും.
റോ - റോ പരീക്ഷണ ഓട്ടം വിജയകരമായ സാഹചര്യത്തിൽ കേരളത്തിന്റെ സമഗ്രവികസനത്തിന് ഏറെ ഗുണകരമാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോ.എ.വി. അനൂപ്, ജനറൽ കൺവീനർ എം. പി.അൻവർ, വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി, കേരള റീജിയണൽ വൈസ് പ്രസിഡന്റ് അഡ്വ. എം.കെ അയ്യപ്പൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |