തൃശൂർ : ഓണ വിപണി ലക്ഷ്യമിട്ട് വ്യാജമദ്യ നിർമ്മാണത്തിനായി സ്പിരിറ്റ് ഒഴുക്ക്. ഒപ്പം കഞ്ചാവും. ഒരാഴ്ചയ്ക്കിടെ പിടികൂടിയത് അയ്യായിരം ലിറ്ററോളം സ്പിരിറ്റ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്പിരിറ്റുമായി പിടിയിലാവർ ഇടനിലക്കാരാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. കൂറ്റനാട് കേന്ദ്രീകരിച്ചാണ് സ്പിരിറ്റ് കടത്തിന് നേതൃത്വം നൽകുന്നതെന്ന സൂചന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് വിവരം ലഭിച്ചിട്ടുണ്ട്
നാലു ദിവസം മുമ്പ് നെന്മണിക്കരയിൽ നിന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 2,500 ലിറ്റർ സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി 11 ഓടെ നെല്ലങ്കരയിൽ നിന്ന് 1,700 ലിറ്റർ പിടികൂടിയത്.
കോഴിക്കോട് കക്കാട് വീട്ടിൽ ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. കന്നാസുകളിലും, കണ്ടെയ്‌നറുകളിലും നിറച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. വലിയ വീട് വാടകയ്‌ക്കെടുത്തു കുടുംബമായി താമസിക്കുന്നതായി വരുത്തിയായിരുന്നു ഇടപാട്. ആവശ്യക്കാർക്ക് കാറിലും, ലോറിയിലും എത്തിക്കുന്നതാണ് പതിവ്. നെന്മണിക്കരയിൽ നിന്ന് രഞ്ജിത്ത്, ദയാനന്ദൻ, ജയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ജയിംസും ദയാനന്ദനും അന്തർസംസ്ഥാന സ്പിരിറ്റ് കടത്തു സംഘവുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തി. ചിക്കമംഗ്‌ളൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ട്.
ഒരു ലോഡിന് 30,000 കമ്മിഷൻ
ഒരു ലോഡ് സ്പിരിറ്റ് സൂക്ഷിക്കുന്നതിന് ഇടനിലക്കാരന് സ്പിരിറ്റ് മാഫിയ നൽകുന്നത് 30,000 രൂപയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ജില്ലയുടെ പല ഭാഗങ്ങളിലും വീടുകൾ കേന്ദ്രീകരിച്ച് സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന. ഓണക്കാലത്ത് വ്യാജമദ്യം ഉത്പാദിപ്പിക്കാനാണ് വൻ തോതിൽ സ്പിരിറ്റ് കടത്തിയിട്ടുള്ളത്.
തലപൊക്കി കഞ്ചാവ് ലോബി
സമ്പൂർണ്ണ ലോക്ഡൗൺ സമയത്ത് മാളത്തിലൊളിച്ച കഞ്ചാവ് ലോബി വീണ്ടും തലപൊക്കി തുടങ്ങിയതിന്റെ തെളിവാണ് വ്യാപകമായി പിടികൂടുന്ന കഞ്ചാവ് കേസുകൾ. കഴിഞ്ഞ ദിവസം ജയിൽ വകുപ്പിന്റെ കീഴിലുള്ള വിയ്യൂരിലെ പെട്രോൾ പമ്പിൽ വച്ച് കഞ്ചാവ് പിടികൂടിയിരുന്നു. ഇത് ജയിലേക്ക് കടത്താൻ കൊണ്ടുവന്നതായാണ് സൂചന. പ്രതികളാണ് പമ്പിലെ ജീവനക്കാർ. ഇവർ വഴി മറ്റ് തടവുകാർക്ക് കടത്താനാണോ കൊണ്ട് വന്നതെന്നാണ് സംശയിക്കുന്നത്. എതാനും ദിവസം മുമ്പ് ചാലക്കുടിയിൽ നിന്ന് പൊലീസും കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
മൂന്നു മാസത്തിനുള്ളിൽ എക്‌സൈസ് പിടിച്ച കഞ്ചാവ് 300 കിലോ
പൊലീസ് പിടിച്ചത് 135 കിലോ
നെന്മണിക്കരയിൽ നിന്ന് പിടിച്ച സ്പിരിറ്റ് 2,450 ലിറ്റർ
നെല്ലങ്കരയിൽ നിന്ന് പിടിച്ചത് 1,700
കൺട്രോൾ റൂം തുറന്നു
ഓണക്കാലത്ത് അബ്കാരി കുറ്റകൃത്യം കൂടാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജില്ലാതലത്തിലും സർക്കിൾ തലത്തിലും കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ കെ. പ്രദീപ് കുമാർ പറഞ്ഞു. ജില്ലാ കൺട്രോൾ റൂം ഫോൺ: 04872361237, 944178060.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |