തൃശൂർ: സംസ്ഥാനത്തെ സ്‌കൂൾ പാചക തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് രണ്ട് മാസം. ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിൽ. സ്‌കൂളുകൾ തുറക്കാത്തതിനാൽ ഇവർക്ക് ജോലി നഷ്ടമായി.
അദ്ധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർക്ക് ശമ്പളമടക്കം ലഭിക്കുമ്പോൾ സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പാചക തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്ന് സ്‌കൂൾ പാചക തൊഴിലാളി സംഘടനാ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 2017 മുതൽ ഇവർക്ക് 150 രൂപയുടെ വർദ്ധനവ് പ്രഖ്യാപിക്കുകയും ഇതിന്റെ ഉത്തരവ് പുറത്തിറങ്ങി ഒരു വർഷമായിട്ടും കുടിശ്ശിക പോലും നൽകിയിട്ടില്ല.
മദ്ധ്യവേനലവധി പരിഗണിച്ച് തൊഴിലാളികൾക്ക് ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ടായിരം രൂപ നൽകിയെങ്കിലും ജൂൺ, ജൂലായ് മാസങ്ങളിലെ ആനുകൂല്യം ഇതുവരെയും നൽകിയിട്ടില്ല. കുടിശ്ശികയായി സംസ്ഥാനത്തെ 20,000 ഓളം വരുന്ന തൊഴിലാളികളിൽ ഓരോരുത്തർക്കും 35,000 രൂപയോളം ലഭിക്കാനുണ്ട്. തൊഴിലാളികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ എല്ലാം തൊഴിലാളികളും തങ്ങളുടെ വീടുകളിൽ ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ പ്രമുഖ സാമൂഹിക പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കാളികളാകും. തൃശൂരിൽ കക്കായ് മനുഷ്യാവകാശ സംഘടന ചീഫ് കോർഡിനേറ്റർ ശ്രീധരൻ തേറമ്പിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി ഒറ്റക്കാലിൽ തപസ് അനുഷ്ഠിക്കും. പത്രസമ്മേളനത്തിൽ ശ്രീധരൻ തേറമ്പിൽ, ജി. ഷാനവാസ്, റോസി റപ്പായി, പി.എസ് തങ്ക, ഐ.എ റപ്പായി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |