കിളിമാനൂർ: രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ജീവനാഡികളായ പ്രേരക്മാരുടെ ദുരിതക്കയത്തിൽ. സമയത്ത് വേതനം ലഭിക്കാത്തതും മറ്റ് പ്രശ്നങ്ങളുമാണ് ഇവരുടെ കഞ്ഞിയിൽ മണ്ണിടുന്നത്. 300 രൂപയിൽ തുടങ്ങിയ ഓണറേറിയം പലപ്പോഴായി ഉയർത്തി 2900 രൂപ വരെയാക്കിയിരുന്നു. 2017ലാണ് ഇവരുടെ പ്രതിമാസ വേതനം 12000 രൂപയാക്കി നിജപ്പെടുത്തിയത്. എന്നാൽ മൂന്ന് മാസമായി ഇത് ലഭിക്കാത്തതാണ് പ്രേരക്മാരുടെ ഓണം വെള്ളത്തിലാക്കിയത്.
60 ശതമാനം സർക്കാർ ഫണ്ടും 40 ശതമാനം സ്വയാർജിത ഫണ്ടും ഉപയോഗിച്ചാണ് പ്രേരക്മാരുടെ പ്രവർത്തനം. ഇതിൽ പലപ്പോഴും സ്വയാർജിത ഫണ്ട് പൂജ്യം എന്ന നിലയാണ്. ഓണറേറിയമാകട്ടെ ഇപ്പോൾ ദിവസവേതനമായി മാറ്റപ്പെട്ടു. നോഡൽ പ്രേരക്: 500 രൂപ, പ്രേരക്: 400 രൂപ, അസി. പ്രേരക്: 350 രൂപ എന്ന ക്രമത്തിലാണ് ദിവസ വേതനം നിശ്ചയിച്ചിരിക്കുന്നത്. ഇതും യഥാസമയം ലഭിക്കുന്നില്ലെന്നാണ് പരാതി. ഇക്കാര്യങ്ങളെല്ലാം അധികൃതർക്കും അറിയാമെങ്കിലും പ്രേരക്മാരെ സഹായിക്കുന്നതിന് ആരും ചെറുവിരലനക്കുന്നില്ല.
ജോലി ഭാരം എറെ....
പഠിതാക്കളെ കണ്ടെത്തണം എന്നതാണ് പ്രധാന ജോലി. ഇതിനും ടാർജറ്റുണ്ട്. ഇത് തികയാത്തവരുടെ വേതനത്തിലും കുറവ് വരും. ദിവസവും റിപ്പോർട്ട് ചെയ്യണം. ഓരോ മാസവും റിപ്പോർട്ടും ഹാജർ രേഖയും പഞ്ചായത്ത് സെക്രട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്ത് നോഡൽ പ്രേരകിനെ ഏൽപ്പിക്കണം. ഇതിനും അധികൃതരുടെ കാലുപിടിക്കേണ്ട അവസ്ഥ.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 3.30 മുതൽ 5.30വരെ ഫീൽഡ് സന്ദർശനം നടത്തണം, പഠിതാക്കളുടെ രജിസ്‌ട്രേഷനും മറ്റും ഓൺലൈനിൽ നൽകണം എന്നിവയും ജോലിയുടെ ഭാഗമാണ്. ഇതിനുള്ള തുക സ്വന്തം ചെലവിൽ കണ്ടെത്തേണ്ട അവസ്ഥയാണ്. പുനർവിന്യാസത്തിലൂടെ പ്രേരക്മാരില്ലാത്ത സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതും പലർക്കും വിനയായി. ചുരുക്കത്തിൽ ഓണറേറിയം കൈയിൽ കിട്ടുമ്പോൾ ഒന്നും എടുക്കാൻ ഉണ്ടാകാത്ത സ്ഥിതിയാണ്.
തിരിച്ചടി ഇങ്ങനെ...
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് വിതരണം ചെയ്ത സമയങ്ങളിൽ മാത്രം പൂർണമായും ശമ്പളം ലഭിച്ചു. വേതന വിതരണ ചുമതല സാക്ഷരതാ മിഷൻ ഏറ്റെടുത്തതോടു കൂടിയാണ് ശമ്പളം പ്രതിസന്ധിയിലായത്.
ആവശ്യങ്ങൾ
01. പ്രഖ്യാപിച്ച വേതനം വെട്ടിക്കുറയ്ക്കാതെ വിതരണം ചെയ്യുക
02. വേതന കുടിശിക പൂർണമായും ലഭ്യമാക്കുക
03. തസ്തിക നിശ്ചയിച്ച് തൊഴിൽ സ്ഥിരത ഉറപ്പാക്കുക
04. ദൈനംദിന പ്രവർത്തന റിപ്പോർട്ട് ഓൺലൈനിലൂടെ ചെയ്യണമെന്ന നിർദേശം പിൻവലിക്കുക
05. തുല്യ ജോലിക്ക് തുല്യവേതനം ലഭ്യമാക്കുക
06. റിട്ടയർമെന്റ് ആനുകൂല്യം അനുവദിക്കുക
07. ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കുക
08. സീനിയോറിറ്റി വേതന വ്യവസ്ഥ നടപ്പാക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |