കൊച്ചി: ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ച വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പരിശീലനം കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ
പുനരാരംഭിക്കുന്നതിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരം ജില്ലയിലെ അരിപ്പ, പാലക്കാട് ജില്ലയിലെ വാളയാർ എന്നിവിടങ്ങളിലെ പരിശീലനകേന്ദ്രങ്ങളാണ് തുറക്കുന്നത്. 250ഓളം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരോട് ഈമാസം ഏഴിന് ആരംഭിക്കുന്ന പരിശീലനത്തിന് ഹാജരാകാൻ വനം വകുപ്പ് നിർദേശം നൽകി കഴിഞ്ഞു.
അരിപ്പയും വാളയാറും നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളാണ്. പല ജില്ലകളിൽ നിന്നുള്ള ജീവനക്കാർ ഇക്കാലയളവിൽ പരിശീലനത്തിന് എത്തുന്നതും രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കും. ഇത് ആശങ്ക വർദ്ധിപ്പിക്കുന്നു. ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരിശീലനത്തിന്റെ 77 ാമത് ബാച്ചിന് അഞ്ചു മാസത്തെ പരിശീലനം പൂർത്തിയാക്കുന്നതിനിടെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏപ്രിലിൽ പരിശീലനം പാതിവഴിയിൽ അവസാനിപ്പിച്ച് ജീവനക്കാരെ പറഞ്ഞുവിട്ടു. രണ്ടു മാസത്തോളമുള്ള പരിശീലനം, പരീക്ഷ, സ്റ്റഡി ടൂർ എന്നിവയാണ് സിലബസിന്റെ ഭാഗമായുള്ളത്. ഇത് പൂർത്തിയാക്കാനാണ് ഇവരെ തിരിച്ചുവിളിക്കുന്നത്. അഞ്ചു മുതൽ 12 വർഷം വരെ സർവീസുള്ള ജീവനക്കാർക്കാണ് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി പരിശീലനം നൽകുന്നത്. 35 നും 53നുമിയിൽ പ്രായമുള്ളവരാണ് അധികവും. നിലവിലെ സാഹചര്യത്തിൽ വീട്ടിൽ നിന്ന് മാസങ്ങൾ മാറിനിൽക്കേണ്ടിവരുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഇവർ പറയുന്നു. സാഹചര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ട ശേഷം പരിശീലനം ആരംഭിക്കണമെന്നാണ് ആവശ്യം.
പരിശോധന നടത്തി
പരിശീലനത്തിന്
നോട്ടീസ് ലഭിച്ച ജീവനക്കാർ അതത് ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ തലേദിവസം റിപ്പോർട്ട് ചെയ്യണം. ശേഷം ആന്റിജൻ ടെസ്റ്റ് നടത്തിയ വകുപ്പിന്റെ വാഹനത്തിൽ പരിശീലന സ്ഥലത്തേക്ക് എത്തിക്കും.പരിശീലനകേന്ദ്രത്തിൽ 30 മുതൽ 40 വരെ ജീവനക്കാരുണ്ടാകും. ഇവർ പലപ്പോഴും വീടുകളിലും മറ്റു താമസിക്കുന്നവരാണ്. ഇവരിലൂടെ കൊവിഡ് പടരാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും വനംമന്ത്രിയ്ക്കും ചീഫ് കൺസർവേറ്റർക്കും കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ നിവേദനം നൽകി.
തീരുമാനം പിൻവലിക്കണം
കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിവച്ച പരിശീലനം കൊവിഡ് വ്യാപനത്തോത് വർദ്ധിച്ച സാഹചര്യത്തിൽ പുനരാരംഭിക്കുന്നത് ഭീതി ഉളവാക്കുന്നതാണ്. തീയതിയിൽ മാറ്റം വരുത്തി ജീവനക്കാരുടെ ആശങ്കകൾ അകറ്റാൻ വനം വകുപ്പ് തയ്യാറാവണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷം പരിശീലനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളണം.
എൻ.ടി. സാജു
പ്രസിഡന്റ്
കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |