കൊയിലാണ്ടി: തേങ്ങയിടാനും മണ്ട വൃത്തിയാക്കാനും തൊഴിലാളിയെ കിട്ടാത്തത് പഴയ കാലം. തെങ്ങ് കയറ്റക്കാരനെ കിട്ടാൻ ഇപ്പോൾ ഫോൺ കോൾ മതിയാകും. യന്ത്രങ്ങളുമായി ബൈക്കിൽ വീട്ടുമുറ്റത്ത് ആൾ റെഡി. കൊയിലാണ്ടി പെരുവട്ടൂർ ഉജ്ജയ്‌നി തെങ്ങ് കയറ്റ കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടിയ ആയിരത്തി നാന്നൂറിലധികം യുവതീ യുവാക്കളാണ് ജില്ലയിൽ പലയിടത്തും തെങ്ങ് കയറുന്നത്.
പരിശീലനം തേടിയവരിൽ 70 ശതമാനവും ഉപജീവനമായി സ്വീകരിച്ചതായി പരിശീലകൻ ശ്രീധരൻ കാരയാട് പറയുന്നു. നാളികേര വികസന ബോർഡാണ് നേതൃത്വം. അഞ്ച് ദിവസം ക്യാമ്പിൽ താമസിച്ച് പഠനം പൂർത്തിയാക്കിയവർക്ക് യന്ത്രം നൽകിയിരുന്നു. ചെലവ് ബോർഡാണ് വഹിച്ചത്. കൊവിഡ് കാലത്ത് മറ്റ് തൊഴിൽ മേഖല നിലച്ചപ്പോഴും തെങ്ങ് കയറ്റമേഖലയിൽ തൊഴിൽ സ്തംഭനമുണ്ടായില്ലെന്ന് ശ്രീധരൻ പറഞ്ഞു.
2014ൽ തുടങ്ങിയ പരിശീലനം ഇപ്പോൾ നിർത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. ജോലി ഇല്ലാതായ ഓട്ടോ തൊഴിലാളികളും ക്വാറി തൊഴിലാളികളും പരിശീലനത്തിനായി തന്നെ സമീപിച്ചതായി ശ്രീധരൻ പറഞ്ഞു. 500 രൂപ പ്രതിഫലം വാങ്ങിയാണ് പരിശീലനം. അപകട സാദ്ധ്യത തീരെ ഇല്ലാത്തതാണ് ഇവരുടെ സംവിധാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |