രാഷ്ട്രീയ വിദ്യാർത്ഥികളുടെ പാഠപുസ്തകം! അതാണ് പ്രണബ് ദാ. ആറു പതിറ്റാണ്ടത്തെ പൊതുജീവിതത്തിൽ ആർജ്ജിച്ചെടുത്ത അറിവും അനുഭവസമ്പത്തും പ്രണബ് മുഖർജിയെ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാക്കി. വ്യക്തിപരമായി ഏറെ ഊഷ്മളമായ ഓർമ്മകളാണ് എനിക്ക് പ്രണബ് ദായുമായുള്ളത്.
എം.പിയായി ഡൽഹിയിൽ എത്തും മുൻപേ പരിചയപ്പെട്ടെങ്കിലും ഒരിക്കൽ ബംഗാളിൽ പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അടുത്തു പരിചയമായത്. 2009 ൽ ലോക്‌സഭാംഗമായപ്പോൾ ആ പരിചയം നിരന്തര ഇടപെടലുകളിലൂടെ ദൃഢമായ സ്‌നേഹബന്ധമായി മാറി.
അദ്ദേഹം ടേബിൾ ചെയ്യുന്ന ബില്ലുകളുടെ ചർച്ചകളോ അവതരിപ്പിക്കുന്ന വിഷയങ്ങളോ മറുപടി പ്രസംഗങ്ങളോ എന്തുമാകട്ടെ ട്രഷറി ബെഞ്ചിനും മറുപക്ഷത്തിനും ഒരുപോലെ പഠനാവസരമായിരുന്നു. സഭ ഇളകിമറിയുമെന്ന് നമുക്കു തോന്നുമ്പോഴും ഉലയാത്ത വന്മരമായി അദ്ദേഹം എഴുന്നേറ്റു നിൽക്കും. ആ പ്രസംഗങ്ങളോരോന്നും രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി മാറി.
1969 മുതലിങ്ങോട്ടുള്ള പല സഭകളിലെയും പല ചർച്ചകളും അനുഭവങ്ങളും റൂളിംഗുകളും കീഴ്‌വഴക്കങ്ങളും നിയമനിർമ്മാണ സന്ദർഭങ്ങളുമെല്ലാം ഉദ്ധരണികളോടെയും ആധികാരികതയോടെയും ഇടതടവില്ലാതെ ഒഴുകിവരും. അസാമാന്യമായ ഓർമ്മശക്തിയും കൂർമ്മബുദ്ധിയും മാത്രമായിരിക്കും കയ്യിലൊരു പേപ്പർ കഷണം പോലുമില്ലാതെ എതിർപക്ഷത്തെ നേരിടാൻ അദ്ദേഹത്തിന്റെ കരുത്ത്.
ഞാൻ ആദ്യം എം.പി ആയ രണ്ടാം യു.പി.എയുടെ കാലത്ത് ധനമന്ത്രിയെന്ന നിലയിൽ പല വികസന പദ്ധതികൾക്കും അനുമതിയും ഫയലുകളുടെ ഫോളോഅപ്പുമൊക്കെയായി കൂടിക്കാഴ്ചകൾ പതിവായി. അടിക്കടിയുള്ള സന്ദർശനങ്ങൾക്കിടയിൽ രാഷ്ട്രീയവും വ്യക്തിപരവുമായ ഒട്ടേറെ കാര്യങ്ങൾ ചർച്ചയായി.
ഒരു കരുതലിന്റെ തണൽ അനുഭവിക്കാനായ ഒട്ടേറെ സന്ദർഭങ്ങൾ. ഒപ്പം ഒരു തുടക്കക്കാരനെന്ന നിലയിൽ പാർലമെന്റിലെ ഇടപെടലുകൾ സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങളും പറയുമായിരുന്നു. പല വിഷയങ്ങളിലും അന്ന് ഭരണപക്ഷാംഗമെന്ന നിലയിൽ സ്വീകരിക്കുന്ന നിലപാടുകൾ സംബന്ധിച്ചും ഏറ്റെടുക്കുന്നതോ ഉന്നയിക്കുന്നതോ ആയ വിഷയങ്ങളുടെ മെറിറ്റ് മാത്രമാകണം പരിഗണനയെന്നും തുടങ്ങി സഭാചട്ടങ്ങളും റൂളിംഗുകളുമൊക്കെ പറഞ്ഞുതരും. ഇത് പാർലമെന്റിലെ ആദ്യ വർഷങ്ങളിൽ കിട്ടിയ വിലയേറിയ പിന്തുണയായിരുന്നു.
2012 ൽ അദ്ദേഹം രാഷ്ട്രപതിയായതിനു ശേഷം, അഭിപ്രായങ്ങളും ഉപദേശങ്ങളും തേടിയുള്ള എന്റെ യാത്രകൾ രാഷ്ട്രപതി ഭവനിലേക്കും നീണ്ടു. 2013 ൽ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചപ്പോൾ നെഹ്‌റുട്രോഫി ഉൾപ്പടെയുള്ള മറ്റു പല പരിപാടികൾക്കും വിളിച്ചിട്ടും എത്താൻ കഴിയാത്തതിന്റെ പരാതി തീർക്കാൻ, വിമുഖതയൊന്നും കൂടാതെ ഉറപ്പായും വരുമെന്നേറ്റു.
2016 ൽ ചൈനയിലേക്ക് രാഷ്ട്രപതിയുടെ നേതൃത്വത്തിൽ നടത്തിയ നാലു ദിവസത്തെ സന്ദർശന സംഘത്തിലും അദ്ദേഹത്തെ അനുഗമിക്കാനായി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായുള്ള ചർച്ചകളിൽ ഒരു രാഷ്ട്രത്തലവനെന്ന നിലയിലും രാഷ്ട്രതന്ത്രജ്ഞനെന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ ഔന്നത്യത്തിനും നയതന്ത്രജ്ഞതയ്ക്കും സാക്ഷ്യംവഹിക്കാനായി. പിതാവിനോടുള്ള വ്യക്തിബന്ധം അദ്ദേഹത്തിന്റെ മകനും എം.പിയുമായിരുന്ന അഭിജിത് മുഖർജി, മകളും കോൺഗ്രസ് നേതാവുമായ ശർമ്മിഷ്ഠ മുഖർജി എന്നിവരുമായും തുടരുന്നു. വാക്കുകളിലെ പിശുക്കും സ്വഭാവത്തിലെ കാർക്കശ്യവും അദ്ദേഹത്തിലെ സ്‌നേഹസമ്പന്നനായ മനുഷ്യനെ ഒരിക്കലും ബാധിച്ചില്ല. രാജ്യത്തിന് പകരം വയ്ക്കാനില്ലാത്ത നഷ്ടമാണ് പ്രണബ്‌ദായുടെ വിയോഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |