ഓച്ചിറയിൽ നിന്ന് 2500 കിലോ പഴകിയ മീൻ പിടിച്ചെടുത്ത് കുഴിച്ചുമൂടി
കൊല്ലം: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. അതിർത്തി ചെക്ക്പോസ്റ്റിലും ജില്ലാ അതിർത്തികളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണറുടെയും മൊബൈൽ ഭക്ഷ്യസുരക്ഷാ ലാബിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ മായം കലർന്ന കിലോക്കണക്കിന് ശർക്കരയാണ് പിടികൂടി തിരിച്ചയച്ചത്.
ശർക്കരയ്ക്ക് കളർ നൽകുന്ന ടാർട്രാസിൻ, സൺസെറ്റ് യെല്ലോ എന്നീ രാസവസ്തുക്കൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അരഡസൻ സാമ്പിളുകളാണ് എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളിലേയ്ക്ക് അയച്ചത്. ലഭിച്ച അഞ്ചെണ്ണത്തിന്റെ ഫലത്തിൽ മൂന്നെണ്ണത്തിലും മായം കണ്ടെത്തി. കോഴിക്കോട് ആസ്ഥാനമായ പ്രമുഖ കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം, റാന്നി, പറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളിൽ വിതരണക്കാർ നൽകിയ 3,620 ക്വിന്റൽ ശർക്കരയും തിരിച്ചയച്ചു.
ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഓച്ചിറയിൽ നിന്ന് 2500 കിലോ പഴകിയ മീൻ പിടിച്ചെടുത്ത് കുഴിച്ചുമൂടി. ആര്യങ്കാവിൽ ക്ഷീരവികസന വകുപ്പുമായി ചേർന്ന് തിരുവോണ ദിവസം ഉച്ചവരെ വിവിധ പാൽ കമ്പനികളുടെ സാമ്പിളുകൾ പരിശോധനാ വിധേയമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ പതിവ് ഓണാഘോഷ പരിപാടികളോ സൽക്കാരങ്ങളോ ഇല്ലാതിരുന്നതിനാലും വിവാഹം പോലുള്ള ആഘോഷങ്ങളും ചടങ്ങുകളും കുറവായതിനാലും മുൻകാലങ്ങളെ അപേക്ഷിച്ച് പാലിന്റെ വരവ് നന്നേ കുറവായിരുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വെളിപ്പെടുത്തി.
പരിശോധനാ വിവരങ്ങൾ
ആകെ പരിശോധനകൾ- 347
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ-142
പിഴ ഇനത്തിൽ ഈടാക്കിയ തുക-90,500 രൂപ
സംശയാസ്പദമായും അല്ലാതെയും ശേഖരിച്ച സാമ്പിളുകളിൽ പലതിന്റെയും ഫലം ഇനിയും ലഭിക്കാനുണ്ട്. കറിപൗഡറുകൾ, മസാലക്കൂട്ടുകൾ എന്നിവയിലെ നിറങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ കെമിക്കൽ പരിശോധന അനിവാര്യമാണ്. പത്ത് ദിവസത്തിനകം ഇത്തരം സാമ്പിളുകളുടെ ഫലങ്ങൾ കൂടി ലഭിക്കുന്നതോടെ കൂടുതൽ വ്യക്തതവരും.
ദിലീപ്, അസി.കമ്മിഷണർ, ഭക്ഷ്യസുരക്ഷാ വകുപ്പ്
60 സ്ഥാപനങ്ങൾക്ക് നോട്ടീസ്
ക്രമക്കേടുകൾ കണ്ടെത്തിയ ബേക്കറികളടക്കം 60 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത വിവിധ ഭക്ഷ്യവസ്തുക്കളുടെ 142 സാമ്പിളുകൾ വിവിധ ലാബുകളിലേക്ക് പരിശോധനയ്ക്കായി അയച്ചു. പാൽ, പഴവർഗങ്ങൾ, ശർക്കര, ചിപ്‌സ്, പായ്ക്ക് ചെയ്ത അരിപ്പൊടി, കറിപൗഡർ മുതലായവയാണ് മിക്കയിടത്തും പരിശോധിച്ചത്. ഭക്ഷണ സാധനങ്ങളിൽ മായം കലർത്തി വിൽക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ, പലചരക്ക് കടകൾ, എണ്ണപ്പലഹാര കടകൾ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |