മുംബയ്: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹോദരിമാരുടെയും മൊഴി രേഖപ്പെടുത്തി മുംബയ് പൊലീസ്. സഹോദരിമാരിൽ ഒരാൾക്ക് സുശാന്തിന്റെ വിഷാദരോഗത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നതിനെ തുടർന്നാണിത്.
' താൻ വളരെ താഴെക്കിടയിലേക്ക് പോയെന്ന് തോന്നുന്നതായി" സുശാന്ത് രണ്ടു തവണ പറഞ്ഞിരുന്നുവെന്ന് സഹോദരിമാരിലൊരാളായ പ്രിയങ്ക മൊഴി നൽകി. ഒന്ന് 2013ലായിരുന്നു. അന്ന് അന്ധേരിയിലുള്ള ഒരു ഡോക്ടറെ കാണുകയും ചികിത്സിക്കുകയും ചെയ്തിരുന്നു. തുടർന്ന് കരിയറിൽ മികച്ച നേട്ടങ്ങളുണ്ടായി. പിന്നീട് 2019 ഒക്ടോബറിൽ വിഷാദരോഗം വീണ്ടുമെത്തി. അത് ചികിത്സിക്കാതെ ഭേദമായി. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വിളിച്ചപ്പോൾ സുശാന്ത് സമാനമായ അഭിപ്രായം പറഞ്ഞു. അന്ന് യോഗ ചെയ്യാൻ നിർദ്ദേശിച്ചു. ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ വന്നു കാണാമെന്ന് ഉറപ്പും നൽകിയെങ്കിലും പിന്നീട് മരണവാർത്തയാണ് അറിഞ്ഞതെന്ന് പ്രിയങ്ക പറഞ്ഞു.
ലോക്ക്ഡൗണിനെ തുടർന്ന് പുറത്തുപോകാൻ കഴിയാത്തതിൽ സുശാന്ത് വളരെ വിഷമത്തിലായിരുന്നുവെന്ന് മറ്റൊരു സഹോദരിയായ മിട്ടു സിംഗ് പറഞ്ഞു. ലോക്ക്ഡൗൺ പിൻവലിച്ചാൽ ദക്ഷിണേന്ത്യയിലേക്ക് യാത്ര പോകണമെന്നായിരുന്നു സുശാന്തിന്റെ ആഗ്രഹം. അതിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.
'ജൂൺ 8ന് തന്നെ വിളിച്ച് ഒറ്റപ്പെട്ടതായി തോന്നുന്നുവെന്ന് പറഞ്ഞു. ഒപ്പം വന്നു നിൽക്കാനും നിർബന്ധിച്ചു. ജൂൺ 12 വരെ താൻ ഒപ്പമുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്തു നൽകി, പരസ്പരം സംസാരിച്ചു, കളി തമാശകൾ പറഞ്ഞു. ഗുർഗാവിൽ മകൾ ഒറ്റയ്ക്കായതിനാൽ 12ന് തിരികെപ്പോയി' -മിട്ടു പറഞ്ഞു. സുശാന്തിനെ എന്നും വിളിക്കാറുണ്ടെന്ന് മൂന്നാമത്തെ സഹോദരി നീതു സിംഗ് മൊഴി നൽകി.
എല്ലാം റിയയുടെ അച്ഛനറിയാമായിരുന്നു
മക്കളായ റിയയും ഷോവിക്കും മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നുവെന്ന് അവരുടെ അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിക്ക് അറിയാമായിരുന്നുവെന്നാണ് നാർക്കോട്ടിക്‌സ് ബ്യൂറോയുടെ കണ്ടെത്തൽ. ഷോവിക്കും ഒരു ഡ്രഗ് ഡീലറും തമ്മിൽ നടത്തിയ ചാറ്റുകളാണ് ഇതിനു തെളിവായി നാർക്കോട്ടിക്സ് നൽകുന്നത്. ഷോവിക്കിനെ ചോദ്യം ചെയ്യുമ്പോൾ ഈ മയക്കുമരുന്ന് കടത്തുകാരന്റെ പേര് പറഞ്ഞിരുന്നു. മക്കളുടെ ദുശീലങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഇന്ദ്രജിത്ത് ശ്രമിച്ചിരുന്നോയെന്നുള്ള അന്വേഷണത്തിലാണ് നാർക്കോട്ടിക്സ്. ഇതിനായി ഇന്ദ്രജിത്തിനെ കഴിഞ്ഞദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു. സുശാന്തിന് മയക്കുമരുന്നുകൾ ലഭിച്ചിരുന്നത് റിയയിലൂടെയാണെന്ന നടന്റെ വീട്ടുകാരുടെ വാദം ശരിവയ്ക്കും വിധമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |