കല്ലമ്പലം: ഭിന്നശേഷിക്കാരനും ചെണ്ടകലാകാരനുമായ കരവാരം വഞ്ചിയൂരിൽ മനുവും കുടുംബവും പുതിയ വീട്ടിൽ ഓണമുണ്ടതിന്റെ സന്തോഷത്തിലാണ്. അതിനു കാരണമായത് മജീഷ്യൻ ഗോപിനാഥ് മുതുകാടും. സരള - മധു ദമ്പതികളുടെ രണ്ടു മക്കളിലൊരാളായ മനുവിനെ ചികിത്സിക്കാൻ കുടുംബം ബുദ്ധിമുട്ടുന്നതിനിടെയാണ് രക്താർബുദം ബാധിച്ച് പിതാവുകൂടി മരിച്ചത്. ഇതോടെ കുടുംബം അനാഥമായി. ഇവരുടെ ദയനീയ അവസ്ഥയെ തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും മുൻകൈയെടുത്ത് സരളയ്ക്ക് ആരോഗ്യവകുപ്പിൽ കരാർ വ്യവസ്ഥയിൽ ജോലി നൽകി. തുച്ഛമായ വരുമാനത്തിൽ കുടുംബം മുന്നോട്ടുപോയെങ്കിലും ഒറ്റമുറി ഓലപ്പുര ജീർണിച്ചു തകർന്നതിനെ തുടർന്ന് മനുവിന്റെ സഹോദരിയുടെ നേതൃത്വത്തിൽ വീട് വയ്ക്കാനുള്ള ശ്രമം തുടങ്ങി. പക്ഷേ പണി പൂർത്തിയാക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുവദിച്ചില്ല. അതിനിടയിലാണ് മാജിക് പ്ലാനറ്റിൽ ഡിഫറന്റ് ആർട്സ് സെന്ററിലേക്ക് കലാ വൈഭവമുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ തിരഞ്ഞെടുക്കുന്നതറിഞ്ഞ് സഹോദരി മനുവിനെ അവിടെ ചേർത്തത്. മനുവിന്റെ സാഹചര്യങ്ങൾ മനസിലാക്കിയ മുതുകാട് ഫേസ്ബുക്കിലൂടെ ദുരിതകഥ പങ്കുവച്ചു. തുടർന്നാണ് വിദേശ മലയാളിയായ കരുനാഗപ്പള്ളി സ്വദേശി നസീർ വീട് നിർമ്മിച്ചു നൽകിയത്. മന്ത്രി കടകംപള്ളി
സുരേന്ദ്രനാണ് വീടിന്റെ താക്കോൽ ദാനം നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |