പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 98 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
തിരുവല്ല താലൂക്ക് ആശുപത്രിയിലെ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് നെല്ലാട് ക്ലസ്റ്ററിൽ നിന്ന് രോഗബാധിതരായി.
ജില്ലയിൽ ഇതുവരെ ആകെ 3598 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2232 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ജില്ലയിൽ ഇന്നലെ 101 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2726 ആണ്. പത്തനംതിട്ട ജില്ലക്കാരായ 843 പേർ ചികിത്സയിലാണ്. ഇതിൽ 805 പേർ ജില്ലയിലും, 38 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 207 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 122 പേരും അടൂർ ജനറൽ ആശുപത്രിയിൽ ഒരാളും റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ 41 പേരും പന്തളം അർച്ചന സി.എഫ്.എൽ.ടി.സിയിൽ 128 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സി.എഫ്.എൽ.ടി.സിയിൽ 177 പേരും പത്തനംതിട്ട ജിയോ സി.എഫ്.എൽ.ടി.സിയിൽ 53 പേരും പെരുനാട് കാർമൽ സി.എഫ്.എൽ.ടി.സിയിൽ 49 പേരും ഐസൊലേഷനിൽ ഉണ്ട്.
ജില്ലയിൽ ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരായ
13 ആരോഗ്യ പ്രവർത്തകർ വീടുകളിൽ ചികിത്സയിലാണ്.
ഇന്നലെ രണ്ട് മരണം
കൊവിഡ് മൂലം ജില്ലയിൽ ഇന്നലെ രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടിന് രോഗം സ്ഥിരീകരിച്ച അടൂർ സ്വദേശി ചെറിയാൻ (90), ഓഗസ്റ്റ് 21ന് രോഗം സ്ഥിരീകരിച്ച ഇലന്തൂർ സ്വദേശിനി സരസമ്മ (59) എന്നിവരാണ് മരിച്ചത്.
രക്താതിസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ചെറിയാൻ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സരസമ്മ ഇന്നലെയാണ് മരിച്ചത്. കിഡ്നി സംബന്ധവും ഹൃദയ സംബന്ധവുമായ രോഗങ്ങൾ, പ്രമേഹം, തുടങ്ങിയവയ്ക്ക് ചികിത്സയിൽ ആയിരുന്നു.
കൊവിഡ് ബാധിതരായ 29 പേർ ജില്ലയിൽ മരണമടഞ്ഞു.
പുതിയ കണ്ടൈയ്ൻമെന്റ് സോണുകൾ
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, ഏഴ്, 13, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (ചിറ്റക്കാട്ട് ഭാഗം) എന്നീ സ്ഥലങ്ങളിൽ മൂന്നു മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണം ദീർഘിപ്പിച്ചു
കുളനട ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (ആലുനിൽക്കുന്നമണ്ണ് കക്കട ഭാഗം വരെ, ആലവട്ടക്കുറ്റി കോളനി), വാർഡ് 16 (ആലുനിൽക്കുന്നമണ്ണ് വയറപ്പുഴ കടവിന് പടിഞ്ഞാറ് കക്കട ഭാഗം വരെ), പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് എന്നീ സ്ഥലങ്ങളിൽ നാലു മുതൽ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, തിരുവല്ല നഗരസഭയിലെ വാർഡ് 11 (കുന്തറ പാലം മണ്ണിൽ ഭാഗം വരെ) എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |