ചെർപ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിലെ 11-ാം വാർഡിൽ മേലേ പൊട്ടച്ചിറ പൊൻമുഖം മലയിൽ കരിങ്കൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരും സി.പി.എമ്മും രംഗത്ത്. മുമ്പ് പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറിക്കാണ് എൽ.എസ്.ജി.ഡി ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ച് ഉടമകൾ അനുകൂല വിധിനേടിയിരിക്കുന്നത്. ട്രൈബ്യൂണൽ വിധി അംഗീകരിച്ച് ക്വാറിക്ക് ലൈസൻസ് നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മലയിൽ ക്വാറി ആരംഭിച്ചാൽ അത് തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് പറഞ്ഞ് നാട്ടുകാർ രംഗത്തുവന്നത്.
മലയടിവാരത്ത് 300ലധികം കുടുംബങ്ങൾ
കഴിഞ്ഞ പ്രളയസമയത്ത് മലയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. നിലവിൽ ഇവിടെ ക്വാറി ആരംഭിക്കുന്നത് വലിയ പരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. മുന്നൂറോളം കുടുംബങ്ങൾ മലയടിവാരത്ത് താമസിക്കുന്നുണ്ട്. ആവശ്യമെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.
സി.പി.എം ലോക്കൽ കമ്മിറ്റിയും ക്വാറിയുടെ പ്രവർത്തനത്തിനെതിരെ രംഗത്തു വന്നു. നേരത്തെ തന്നെ പഞ്ചായത്ത് ക്വാറിക്ക് അനുമതി നിഷേധിച്ചതാണെന്നിരിക്കെ ഇപ്പോൾ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി ദൗർഭാഗ്യകരമാണ്. ഹൈക്കോടതി വിധിക്കെതിരെ പഞ്ചായത്ത് ഡിവിഷൻ ബെഞ്ചിനെ സമീപിക്കണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ഐ.ഷാജു ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |