മോസ്കോ: ഹസ്തദാനത്തിനായി കൈനീട്ടിയ റഷ്യൻ ഉന്നത ഉദ്യോഗസ്ഥരോട് ഇന്ത്യൻ പരമ്പരാഗത ശൈലിയിൽ കൈകൾ കൂപ്പി നമസ്‌തേ പറഞ്ഞ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കുന്നതിനായി മോസ്കോയിലെത്തിയ മന്ത്രിയെ സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് കൈകൾ കൂപ്പി അഭിവാദ്യം ചെയ്തത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അഭിവാദ്യം ചെയ്യാൻ പരമ്പരാഗത രീതിയെ മന്ത്രി കൂട്ടുപിടിച്ചത്.
മോസ്കോയിലെത്തിയ രാജ്നാഥ് സിംഗിനെ മേജർ ജനറൽ ബുഖ്തീവ് യുരി നിക്കോളെവിച്ച് സ്വീകരിച്ചു. ഇന്ത്യൻ അംബാസഡർ ഡി.ബി.വെങ്കടഷ് വർമയും പ്രതിരോധമന്ത്രിക്കൊപ്പമുണ്ട്. സ്വീകരണത്തിന്റെ വീഡിയോ രാജ്നാഥ് ട്വിറ്ററിൽ പങ്കുവച്ചു.
ഇന്ന് രാജ്നാഥ്സിംഗ് , ജനറൽ സെർജെ ഷോയ്ഗുവുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുൾപ്പടെ എട്ട് രാജ്യങ്ങളാണ് എസ്.സി.ഒയിൽ ഉളളത്. അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ ഭീകരത ഉൾപ്പടെയുളള സുരക്ഷാ വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്യും. ഇന്ത്യയും ചൈനയും തമ്മിലുളള അതിർത്തി പ്രശ്നങ്ങൾ വീണ്ടും ഉയർന്നുവരുന്നതിനിടയിലാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രതിരോധമന്ത്രി, പാകിസ്ഥാൻ മന്ത്രി എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |