ടിബറ്റുകാർ മാത്രമുള്ള പ്രത്യേക സേന
ന്യൂഡൽഹി: രാത്രിയുടെ മറവിൽ പാംഗോംഗ് തടാകത്തിന്റെ തെക്കൻതീരം വഴി അതിർത്തി കടക്കാൻ ശ്രമിച്ച അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തെ തിരിച്ചോടിച്ചത് ടിബറ്റൻ അഭയാർത്ഥികളെ ഉൾപ്പെടുത്തി ഇന്ത്യ രൂപീകരിച്ച രഹസ്യ സേനയാണ്. പേര് സ്‌പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ് (എസ്.എഫ്.എഫ്) അഥവാ എസ്‌റ്റാബ്ളിഷ്‌മെന്റ് 22. ചൈനയുടെ കുതന്ത്രങ്ങൾ നിരീക്ഷിച്ച് പൊളിക്കുകയാണ് പ്രധാന ദൗത്യം.
1962ലെ യുദ്ധത്തിലേറ്റ തിരിച്ചടിയാണ് ചൈനയുടെ ആജന്മ ശത്രുക്കളായ ടിബറ്റുകാരെ ഉൾപ്പെടുത്തി അതിർത്തി കാക്കാൻ സ്പെഷ്യൽ ഫോഴ്സിനെ രൂപീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. ചൈനയെ പേടിച്ച് 1959ൽ ഇന്ത്യയിൽ അഭയം തേടിയ ദലൈലാമയ്‌ക്കൊപ്പം വന്നതാണ് ടിബറ്റുകാർ. ചെങ്കുത്തായ മലനിരകളിലും തണുത്തുറഞ്ഞ ദുർഘട മേഖലയിലും തളരാത്ത ടിബറ്റുകാർക്കുള്ള കരുത്ത് സേനയ്‌ക്ക് മികവു കൂട്ടുന്നു. ചൈനയ്‌ക്കെതിരെ ഇന്ത്യയ്‌ക്കു വേണ്ടി പോരാടുന്നത് അഭിമാനമായാണ് ഇവർ കരുതുന്നത്.ആണവായുധ വിന്യാസമടക്കം ചൈനയുടെ നീക്കങ്ങൾ അറിയാൻ യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയും ഇന്ത്യൻ ഏജൻസികളായ ഐ.ബിയും റായും സംയുക്തമായി തുടക്കത്തിൽ പരിശീലനം നൽകി.
നിയന്ത്രണം പി.എം.ഒയ്ക്ക്
പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് സെക്രട്ടേറിയറ്റും നേരിട്ടാണ് എസ്.എഫ്.എഫിനെ നിയന്ത്രിക്കുന്നത്. മറ്റ് സേനകളുമായി ഇവർക്ക് ബന്ധമില്ല.ടിബറ്റിലെ ഖാംപസ് മേഖലയിലെ ധീരയോദ്ധാക്കളെയാണ് ആദ്യ ബറ്റാലിയനിലുൾപ്പെടുത്തിയത്. ലാമയുടെ അംഗരക്ഷകർ ഇവരാണ്.
കണ്ടാൽ ചൈനക്കാരെന്ന് തോന്നിപ്പിക്കുന്ന ടിബറ്റുകാരെ രഹസ്യ ദൗത്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ആശയം യു.എസിന്റേതായിരുന്നു.
പേരിനു പിന്നിൽ
ബ്രിട്ടീഷ് പട്ടാളത്തിന്റെ ഭാഗമായിരുന്ന 22-ാം മൗണ്ടൻ റെജിമെന്റ് കമാൻഡറായിരുന്ന സുജൻ സിംഗ് ഉബാൻ ആയിരുന്നു സേനയുടെ ആദ്യ മേധാവി. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് എസ്റ്റാബ്ളിഷ്‌മെന്റ് 22 എന്ന പേരിട്ടത്.
5000 കമാൻഡോകൾ
ഉത്തരാഖണ്ഡിലെ ചക്രത ആസ്ഥാനം. അഞ്ച് ബറ്റാലിയനിലായി (വികാസ് ബറ്റാലിയൻ) 5000 കമാൻഡോകൾ
രഹസ്യ ദൗത്യങ്ങൾ നിറവേറ്റുന്നതിനാൽ ഇവരുടെ സാന്നിദ്ധ്യവും വിവരങ്ങളും രഹസ്യമാണ്
1971ലെ ഇന്തോ-പാക് യുദ്ധത്തിലും കാർഗിൽ യുദ്ധത്തിലും എസ്.എഫ്.എഫ് ഭാഗമായിരുന്നു
മുൻ വിജയ ദൗത്യങ്ങൾ
1. ഓപ്പറേഷൻ ഈഗിൾ: 1971ൽ പാകിസ്ഥാനെതിരെ ചിറ്റാഗോംഗ് മലനിരകളിൽ
2. ഓപ്പറേഷൻ മേഘ്ദൂത്: 1984ൽ സിയാച്ചിനിൽ പാകിസ്ഥാനെതിരായ വിജയം
3. ഓപ്പറേഷൻ വിജയ്: 1999ൽ കാർഗിലിൽ പാകിസ്ഥാനെ തുരത്താൻ സൈന്യത്തിനൊപ്പം
നൈമയ്‌ക്ക് അന്ത്യാഞ്ജലി
കഴിഞ്ഞ ദിവസത്തെ ഓപ്പറേഷനിനിടെ മൈൻ പൊട്ടി ടെൻസിൻ നൈമ(53) എന്ന കമാൻഡോ വീരമൃത്യു വരിച്ചെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം,ടിബറ്റൻ അഭയാർത്ഥി ഗ്രാമമായ ചോഗ്ളാംസർ കോളനിയിൽ ദേശീയ പതാകയും ടിബറ്റൻ പതാകയും പൊതിഞ്ഞ പേടകത്തിന് മുന്നിൽ ടിബറ്റൻ ആചാരപ്രകാരമുള്ള മരണാനന്തര ചടങ്ങുകൾ നടത്തുന്ന ചിത്രങ്ങൾ പ്രചരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |