തിരുവനന്തപുരം:പൊലീസുകാരുടെ ശ്രദ്ധ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതോടെ ജില്ലയിൽ ഗുണ്ടാവിളയാട്ടം വർദ്ധിച്ചു. ഒരാഴ്ചയ്ക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി രണ്ടു കൊലപാതകമടക്കം പത്തോളം അക്രമ സംഭവങ്ങൾ അരങ്ങേറി. കൈവെട്ടും ബോംബേറും മർദ്ദനവുമടക്കവും പലയിടത്തും ചോര ചിതറി. മദ്യവും കഞ്ചാവും രാഷ്ട്രീയ വൈരവും വ്യക്തിവൈരാഗ്യവും കുടുംബ പ്രശ്‌നങ്ങളും കാരണങ്ങളായപ്പോൾ തലസ്ഥാനം ചോരക്കളമായി. വെഞ്ഞാറമൂട്, കഴക്കൂട്ടം,ആറ്റിങ്ങൽ,നെടുമങ്ങാട്, കരിമഠം, കേശവദാസപുരം, മുട്ടത്തറ എന്നിവിടങ്ങളിലാണ് അക്രമങ്ങൾ കൂടിയത്. പലയിടത്തും പൊലീസിന് കാഴ്ചക്കാരനാവാനേ സാധിച്ചുള്ളൂവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ വീടുകളും പാർട്ടി ഓഫീസുകളും ആക്രമിക്കപ്പെടുന്നതും പതിവായി. ഇതോടെ തലസ്ഥാന വാസികളുടെ ആശങ്കയും ഇരട്ടിയായി. കഴിഞ്ഞദിവസം രാത്രി ശ്രീകാര്യം ചേന്തിയിലായിരുന്നു ഏറ്റവും ഒടുവിലത്തെ സംഭവം. വാക്കുതർക്കത്തെ തുടർന്ന് യുവാവ് സുഹൃത്തിനെ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടി. സമീപത്തുള്ള കൗൺസിലറുടെ വീട്ടിൽ ഓടിക്കയറിയതോടെയാണ് ശ്രീകാര്യം സ്വദേശിയായ ശരത്‌ലാലിന് ജീവൻ തിരിച്ചുകിട്ടിയത്. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എങ്കിലും പരാതിയില്ലാത്തതിനാൽ സംഭവത്തിൽ കേസെടുക്കാൻ ശ്രീകാര്യം പൊലീസ് തയ്യാറായിട്ടില്ല. ജില്ലയുടെ ചുമതല വഹിക്കുന്ന പൊലീസ് ഉന്നതർക്ക് ക്രമസമാധാന പാലനത്തിൽ വീഴ്ചയുണ്ടായതിൽ സർക്കാരിന് അതൃപ്‌തിയുണ്ട്. ഇതിൽ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകിയതായും സൂചനയുണ്ട്.
ഓണത്തിന് തുടങ്ങിയ ചോരക്കളി
തിരുവോണത്തലേന്ന് വെഞ്ഞാറമൂട് രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചതോടെയാണ് ജില്ലയിൽ വീണ്ടും അക്രമങ്ങൾക്ക് തുടക്കമായത്. രാഷട്രീയ വൈരത്തിന്റെ പേരിലായിരുന്നു കൊലയെന്നാണ് പൊലീസ് കണ്ടെത്തൽ. ജില്ലയിലുടനീളം കോൺഗ്രസ് പാർട്ടി ഓഫീസും പ്രവർത്തകരുടെ വീടും ആക്രമിക്കപ്പെട്ടു. ഇതിനിടെ കൊലയിൽ നേരിട്ടും അല്ലാതെയും പങ്കെടുത്തവരെ പൊലീസ് പിടികൂടിയെങ്കിലും സമാധാനാന്തരീക്ഷമല്ല ഇപ്പോഴുള്ളത്.
ബോംബേറ്, വീട്ടിൽ കയറി വെട്ട്
കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെയാണ് കരിമഠം കോളനിയിൽ രണ്ടു സംഘങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടയിൽ നാടൻ ബോംബേറ് ഉണ്ടായത്. ഒരു പൊലീസുകാരനും പരിക്കേറ്റു.
ചുള്ളിമാനൂരിൽ കരിങ്കടയിൽ വാടകയ്ക്ക് താമസിക്കുന്ന മുനീർ എന്ന യുവാവിനെയാണ് നാലംഗ സംഘം ആക്രമിച്ച് മൂന്നു വിരലുകൾ വെട്ടിയത്. പ്രതിയായ മുഹമ്മദ് ഷാനിന്റെ വീട്ടിൽ കയറി അമ്മയോട് അപമര്യാദയായി പെരുമാറിയതിന്റെ പകവീട്ടലായിരുന്നു ഇത്. കഴക്കൂട്ടം പടിഞ്ഞാറ്റുമുക്കിൽ പടക്കം എറിഞ്ഞ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച പ്രതിയെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിരുവോണ ദിവസം കേശവദാസപുരത്ത് മദ്യപസംഘത്തിന്റെ തർക്കത്തിനിടയിൽ നാടൻ ബോംബ് കൈയിൽ ഇരുന്ന് പൊട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പോത്തൻകോട് സ്വദേശിയുടെ ഇരു കൈപ്പത്തിക്കും പരിക്കേറ്റു.
രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ചിലരുടെ ഭാഗത്ത് നിന്നു ബോധപൂർവമായ ശ്രമമുണ്ട്. ചിലയിടത്തുണ്ടായ ഒറ്റപ്പെട്ട അക്രമങ്ങളിൽ പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നുണ്ട്. ഗുണ്ടാ ആക്രമണങ്ങൾ നിയന്ത്രിക്കാൻ നടപടികൾ ശക്തമാക്കി കൂടുതൽ ക്രമീകരണങ്ങൾ നടത്തും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ക്രമസമാധാനപാലനത്തെ ബാധിക്കുന്നില്ല.
സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |