റാഞ്ചി: ബസിലോ ടാക്സിയിലോ യാത്ര ചെയ്യാൻ താൻ ഒരുക്കമല്ലെന്ന് നിയമ വിദ്യാർത്ഥിനി അറിയിച്ചതിനെത്തുടർന്ന് ഒരേയൊരു യാത്രക്കാരിയുമായി രാജധാനി എക്സ്പ്രസ് ഓടിയത് 535 കിലോമീറ്റർ. ന്യൂഡൽഹി-റാഞ്ചി രാജധാനി എക്സ്പ്രസിൽ വ്യാഴാഴ്ചയാണ് സംഭവം.
ഭൂമിയുടെ അവകാശത്തിനായി ഗോത്രവർഗം പ്രക്ഷോഭം നടത്തുന്നതിനെത്തുടർന്ന് ജാർഖണ്ഡിൽ ട്രെയിൻ മണിക്കൂറുകളോളം പിടിച്ചിട്ടിരുന്നു.പ്രക്ഷോഭകർ റെയിൽവേ പാളത്തിലിരുന്ന് പ്രതിഷേധിച്ചതോടെ അധികൃതർ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കി.
കൂടാതെ രാജധാനി എക്സ്പ്രസിന് ഇപ്പോഴൊന്നും മുന്നോട്ട് പോകാൻ പറ്റില്ലെന്ന് മനസിലാക്കിയ റെയിൽവേ അധികൃതർ, ഇതിലെ 930 യാത്രക്കാർക്കായി ബസ് സർവീസുകൾ ഒരുക്കി. എന്നാൽ നിയമവിദ്യാർത്ഥിയും യാത്രക്കാരിയുമായ അനന്യ ട്രെയിൻ ടിക്കറ്റ് എടുത്തതിനാൽ താൻ ബസിലോ ടാക്സിയിലോ പോകാൻ മാനസികമായി ഒരുക്കമല്ലെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു.
യാത്രക്കാരി വാശിപിടിച്ചതോടെ റൂട്ട് മാറ്റി അനന്യയെ അധികൃതർ റാഞ്ചി സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടത് റെയിൽവേയുടെ കടമയാണെന്നും അതിനാലാണ് അങ്ങനെ ചെയ്തതെന്നും സീനിയര്‍ ഡിവിഷണല്‍ കമേഴ്സ്യല്‍ മാനേജര്‍ അവ്നിഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |