കൊച്ചി: രാജ്യത്തെ പ്രമുഖ സുഗന്ധവ്യഞ്ജന, കറിപ്പൊടി, ഭക്ഷ്യോത്പന്ന കമ്പനിയായ ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിന്റെ 67.8 ശതമാനം ഓഹരികൾ നോർവേ കമ്പനിയായ ഓർക്ക്‌ല ഏറ്റെടുക്കുമെങ്കിലും 'ഈസ്‌റ്റേൺ" ബ്രാൻഡ് നാമത്തിൽ മാറ്റമുണ്ടാകില്ല. ഈസ്‌റ്റേണിന്റെ സാരഥികളായ മീരാൻ സഹോദരങ്ങളുടെ (നവാസ് മീരാൻ - ചെയർമാൻ, ഇളയ സഹോദരൻ ഫിറോസ് മീരാൻ - മാനേജിംഗ് ഡയറക്‌ടർ) എന്നിവരുടെ നേതൃത്വം തന്നെ തുടരും.
കൊച്ചിയിൽ നിന്ന് ആസ്ഥാനവും മാറില്ല. ഭൂമിക അവാർഡ് ഉൾപ്പെടെ ഈസ്‌റ്റേണിന്റെ മറ്റ് സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളും തുടരും. നിലവിൽ ഈസ്‌റ്റേണിന്റെ 74 ശതമാനം ഓഹരികളാണ് മീരാൻ കുടുംബത്തിനുള്ളത്. 26 ശതമാനം ഓഹരികൾ അമേരിക്കൻ കമ്പനിയായ മക്‌കോർമിക് 2010ൽ ഏറ്റെടുത്തിരുന്നു.
മക്‌കോർമിക്കിന്റെ മുഴുവൻ ഓഹരികളും മീരാൻ കുടുംബത്തിന്റെ 41.8 ശതമാനം ഓഹരികളുമാണ് ഓർക്ക്‌ല ഏറ്റെടുക്കുക. തുടർന്ന്, ഓർക്ക്‌ലയുടെ ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഉപബ്രാൻഡായ എം.ടി.ആറിൽ ഈസ്‌റ്റേണിനെ ലയിപ്പിക്കും. ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയുടെ 90.01 ശതമാനം ഓഹരികൾ ഓർക്ക്‌ലയ്ക്കും 9.99 ശതമാനം ഓഹരികൾ മീരാൻ കുടുംബത്തിനും ലഭിക്കും.
ഇടപാട് മൂല്യം
₹1,356 കോടി
ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിന് 2,000 കോടി രൂപ മൂല്യം കണക്കാക്കിയാണ് ഓർക്ക്‌ല 67.8 ശതമാനം ഓഹരികൾ 1,356 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത്. ഇതിൽ, മീരാൻ കുടുംബത്തിൽ നിന്നുള്ള 41.8 ശതമാനം ഓഹരികളുടെ മൂല്യം 836 കോടി രൂപയാണ്. മക്‌കോർമിക്കിൽ നിന്നുള്ള 26 ശതമാനം ഓഹരികളുടേത് 520 കോടി രൂപ.
ഈസ്‌റ്റേൺ
1983ൽ എം.ഇ. മീരാൻ ആരംഭിച്ച ഈസ്‌റ്റേൺ ചെറിയ കാലയളവിനുള്ളലാണ് കേരളത്തിലെ വലിയ കറി പൗഡർ കമ്പനിയായി വളർന്നത്. 2014-20 കാലയളവിൽ എട്ട് ശതമാനമായിരുന്നു വാർഷിക വളർച്ച. 900 കോടി രൂപയാണ് വിറ്റുവരവ്. ഇതിൽ പകുതിയും കേരളത്തിൽ നിന്നാണ്. നാല് സംസ്ഥാനങ്ങളിലായി ഏഴ് ഫാക്‌ടറികൾ കമ്പനിക്കുണ്ട്; 2,955 ജീവനക്കാരും.
ഓഹരി വിപണിയിലേക്കും
ഈസ്‌റ്റേണും എം.ടി.ആറും തമ്മിലെ ലയനം പൂർണമാകാൻ ഒന്നരവർഷത്തോളം വേണ്ടിവരും. ലയനശേഷം പുതിയ കമ്പനി ഓഹരി വിപണിയിലേക്ക് ചുവയടുവയ്‌ക്കാൻ നടപടിയെടുത്തേക്കും. ഇതിന്റെ അന്തിമതീരുമാനം എടുക്കേണ്ടത് ഓർക്ക്‌ലയാണ്.
ഉത്‌പന്നപ്പെരുമ
മസാല, കറിപ്പൊടികൾ, തേയില, കാപ്പിപ്പൊടി, അച്ചാറുകൾ, റെഡി - ടു - ഈറ്റ് ഉത്പന്നങ്ങൾ, സ്‌നാക്ക്‌സ്, ബിരിയാണി മിക്‌സുകൾ, ഫ്രോസൻ വെജിറ്റബിൾസ്, റെഡി -ടു -കുക്ക് തുടങ്ങി വൈവിദ്ധ്യമാർന്ന ഉത്പന്നനിര ഈസ്‌റ്റേണിനുണ്ട്. രുചിയേറും വിഭവങ്ങളുടെ പാചകവിധികളും ലഭ്യമാണ്.
''ഓർക്ക്‌ലയുമായുള്ള ഇടപാടിന്റെ ഭാഗമായി വലിയ മൂലധനമാണ് കേരളത്തിലേക്ക് എത്തുന്നത്. 'ഇൻവെസ്‌റ്റ് ഇൻ ഇന്ത്യ" എന്ന കാമ്പയിന് കൂടുതൽ കരുത്തേകുന്നതുമാണ് ഈ ചുവടുവയ്‌പ്. ഈസ്‌റ്റേണിനും ഓർക്ക്‌ലയ്‌ക്കും ഉപഭോക്താക്കൾക്കും ഈ ഇടപാട് ഒരുപോലെ ഗുണം ചെയ്യും.
ഗൾഫിൽ ഞങ്ങൾക്കും എം.ടി.ആറിന് അമേരിക്കയിലും യൂറോപ്പിലും വലിയ വിപണിയുണ്ട്. ഇവിടങ്ങളിൽ വിതരണശൃംഖല ശക്തമാക്കാൻ ഇരുകൂട്ടർക്കും കഴിയും. അതുപോലെ, കേരളത്തിലെ ഞങ്ങളുടെയും തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ എം.ടി.ആറിന്റെയും വിപണികളിൽ പരസ്‌പരം ഉത്പന്ന വിപണി ശക്തമാക്കാനും ഇരുവർക്കും സാധിക്കും. ഇരു കൂട്ടർക്കും വലിയ വളർച്ച ഉറപ്പാക്കാനും ഇതുവഴി കഴിയും"
നവാസ് മീരാൻ,
ചെയർമാൻ, ഈസ്‌റ്റേൺ ഗ്രൂപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |