സിയാൽ ഓഹരിയുടമകൾക്ക് 27% ലാഭവിഹിതം
നെടുമ്പാശേരി: വിമാനത്താവള വികസനം വിജയകരമാക്കാൻ സർക്കാരിന് കഴിയുമെന്നും അതിന് സ്വകാര്യകമ്പനികളെ ആശ്രയിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി വിമാനത്താവള (സിയാൽ) ഓഹരി ഉടമകളുടെ 'ഓൺലൈൻ" വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ മേൽനോട്ടത്തിൽ വിമാനത്താവള നടത്തിപ്പ് വിജയകരമാകുമെന്നതിന്റെ മാതൃകയാണ് സിയാലെന്ന് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. നാലുവർഷം കൊണ്ട് കൊച്ചി വിമാനത്താവളത്തിലെ ജീവനക്കാരുടെ എണ്ണം 7,000ൽ നിന്ന് 12,000ലെത്തി. 2,000 കോടി രൂപയുടെ വികസന പദ്ധതികൾ സിയാൽ പൂർത്തിയാക്കി. യാത്രക്കാരിൽ നിന്ന് യൂസർ ഫീ ഈടാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓഹരി ഉടമകൾക്ക് 2019-20ലേക്ക് 27 ശതമാനം ലാഭിവിഹിതം നൽകാനുള്ള ഡയറക്‌ടർ ബോർഡിന്റെ ശുപാർശ യോഗം അംഗീകരിച്ചു. സിയാൽ പയ്യന്നൂരിൽ സ്ഥാപിക്കുന്ന 12 മെഗാവാട്ട് സൗരോർജ പ്ലാന്റും കോഴിക്കോട് അരിപ്പാറയിൽ പൂർത്തിയായായ 4.5 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയും ഈ വർഷം കമ്മിഷൻ ചെയ്യും.
30 രാജ്യങ്ങളിൽ നിന്നായി 19,000 നിക്ഷേപകരുണ്ട് സിയാലിൽ. കഴിഞ്ഞ സാമ്പത്തിക വർഷം സിയാലിന്റെ ലാഭം 204.05 കോടി രൂപയാണ്.ലാഭം 200 കോടിരൂപ മറികടക്കുന്നത് ആദ്യമാണ്. 2003 -04 മുതൽ നൽകിയ ലാഭവിഹിതം മൊത്തം 282 ശതമാനമായി ഉയർന്നു. സിയാലിൽ സംസ്ഥാന സർക്കാരിന്റേയും കേരള പൊതുമേഖലാ സ്ഥാപനങ്ങളുടേയും ആകെ ഓഹരി 34.15 ശതമാനമാണ്. ഇതുവരെ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലാഭവിഹിതമായി മാത്രം 368.46 കോടി രൂപ സിയാൽ നൽകി.
സിയാൽ ഡയറക്ടർമാരായ മന്ത്രി തോമസ് ഐസക്, മന്ത്രി സുനിൽ കുമാർ, എം.എ. യൂസഫലി, എൻ.വി. ജോർജ്, ഇ.എം. ബാബു, കെ. റോയ് പോൾ, എ.കെ. രമണി, മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |