വെഞ്ഞാറമൂട്: തിരുവനന്തപുരത്തു നിന്ന് ചങ്ങാനാശേരിയിലേക്ക് പോകുകയായിരുന്ന രമ്യ ഹരിദാസ് എം.പിയുടെ വാഹനം ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെഞ്ഞാറമൂട്ടിൽ തടഞ്ഞു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഇരട്ടക്കൊലയ്ക്ക് ശേഷം സംഘർഷം നിലനിൽക്കുന്ന വെഞ്ഞാറമൂട് ജംഗ്ഷനിൽ കരിങ്കൊടിയുമായെത്തിയ ഒരു സംഘമാണ് വാഹനം തടഞ്ഞത്. തുടർന്ന് വാഹനത്തിന്റെ രണ്ടു വശങ്ങളിലും കരിങ്കൊടി കെട്ടി. എസ്.എഫ്.ഐ വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ അഖിലിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവമറിഞ്ഞെത്തിയ പൊലീസാണ് രമ്യയെ രക്ഷിച്ചത്. തുടർന്ന് പ്രവർത്തകരെ മാറ്റി വാഹനം കടത്തിവിട്ടു. ഡി.വൈ.എഫ്.ഐയുടെ പരിപാടി നടക്കുമ്പോഴാണ് രമ്യയുടെ വാഹനം വെഞ്ഞാറമൂട്ടിലെത്തിയത്. ഈ സമയം റോഡിന്റെ ഒരുഭാഗത്തുനിന്ന പ്രവർത്തകരാണ് വാഹനം തടഞ്ഞത്.
കോൺഗ്രസുകാരെ വെഞ്ഞാറമൂട് വഴി പോകാൻ അനുവദിക്കില്ലെന്നും കണ്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് നൽകിയ പരാതിയിൽ രമ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |