മറയൂർ: മറയൂർ അതിർത്തിയിൽ തമിഴ്‌നാട് ഉദുമൽപേട്ടയിൽ അർദ്ധരാത്രി കതക് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഗൃഹനാഥനെ കുത്തി വീഴ്ത്തിയശേഷം വീട്ടമ്മയെ കെട്ടിയിട്ട് 44 പവനും ഒന്നര ലക്ഷം രൂപയും കവർന്നു. ബോഡിപെട്ടി അണ്ണാനഗർ റിട്ട. വൈദ്യുതി ഉദ്യോഗസ്ഥൻ രാജഗോപാലിനെ (70) യും ഭാര്യ ലക്ഷമിപ്രഭ (62)യെയുമാണ് ആക്രമിച്ചാണ് മോഷണം നടത്തിയത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.ഇവരുടെ ഏകമകൻ സിംഗപൂരിലാണ്. വീടിന്റെ പിൻഭാഗത്തെ കതക് തകർത്ത് അകത്ത് കടന്ന നാല് പേരടങ്ങുന്ന മോഷണ സംഘം ആദ്യം ലക്ഷ്മിപ്രഭയുടെ മുറിക്കുള്ളിലെത്തി കൈ പിന്നിൽ ചേർത്ത് ബന്ധിച്ച ശേഷം വായ തുണികൊണ്ട് മൂടി. മാലയും വളയും കമ്മലും മോതിരവുമടക്കം അണിഞ്ഞിരുന്ന 16 പവനോളം ആഭരങ്ങൾ മോഷ്ടിച്ചു. പിന്നീട് രാജഗോപാലിന്റെ മുറിയിലേക്ക് കടന്ന് കത്തികൊണ്ട് തലയ്ക്കും നെറ്റിയിലും കുത്തി വീഴ്ത്തി. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 28 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു. പുലർച്ചെ അഞ്ച് മണിയോടെ സമീപവാസികളെത്തിയാണ് ഇരുവരെയും മോചിപ്പിച്ചതും സംഭവം ഉദുമൽപേട്ട പൊലീസിൽ അറിയിച്ചതും. തിരുപ്പൂർ പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |