കാസർകോട്: പൗരന്റെ മൗലികാവകാശങ്ങളിൽ ഭരണകൂടം കൈവയ്ക്കുമെന്ന ആശങ്കകൾക്കെതിരെ ചെറുപ്രായത്തിൽ തന്നെ സൗമ്യമായി പോരാട്ടം നയിക്കുകയായിരുന്നു കേശവാനന്ദഭാരതി. അതുകൊണ്ടുതന്നെ ഭരണഘടനാഭേദഗതി വരുമ്പോൾ നിയമജ്ഞരുടെ ചുണ്ടിൽ ആദ്യമെത്തുന്ന പേരും എടനീർ മഠാധിപതിയുടേതാണ്.
മൗലികാവകാശത്തിന്റെ അടിസ്ഥാനനയങ്ങൾ സംരക്ഷിക്കാൻ സുപ്രീംകോടതിയിൽ വാദിച്ചുജയിച്ച കേശവാനന്ദ ഭാരതിയുടെ കേസ് ഇന്ത്യൻ നിയമവൃത്തങ്ങളിൽ ഒരു ചരിത്രമായിരുന്നു. ധർമ്മത്തെ അകറ്റി അധർമ്മം പുലരാൻ ഇടയാക്കരുതെന്ന ചരിത്രവിധി ഇന്നും ഇന്ത്യൻ നിയമവ്യവസ്ഥയിലെ കെടാവിളക്കാണ്.
1971ലെ 29ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969 ലെ കേരള ഭൂപരിഷ്‌കരണ നിയമവും 1971ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി അന്ന് റിട്ട് ഹർജിയിലൂടെ പരമോന്നത കോടതിയിൽ ചോദ്യംചെയ്തത്. ഭരണഘടന പൗരന്മാർക്ക് അനുവദിച്ച മൗലികാവകാശം കൃഷ്ണമണിപോലെ കാക്കേണ്ടതുണ്ട്. ഭൂരിപക്ഷത്തിന്റെയോ മറ്റെന്തിന്റെയോ പേരിൽ മൗലികാവകാശത്തിൽ ഭരണകൂടം കൈകടത്തുന്നത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഉൾവിളിയിൽ നിന്നാണ് ജനാധിപത്യരീതിയിൽ അതിനെതിരെ നീങ്ങിയതെന്നായിരുന്നു സ്വാമിയുടെ വാദം. സ്വന്തം കാര്യത്തിനു വേണ്ടിയായിരുന്നില്ല സ്വാമി റിട്ട് നൽകിയത്. ഭൂപരിഷ്‌കരണം ഒരു നിമിത്തമായെങ്കിലും മൗലികാവകാശ നിയമഭേദഗതിക്കെതിരെ പരമോന്നത കോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യ ഹർജിക്കാരനായി കേശവാനന്ദ സ്വാമി .
രാഷ്ട്രീയരംഗത്തെ തിരയിളക്കങ്ങൾകൊണ്ട് കോടതിയിലും ഭരണകേന്ദ്രങ്ങളിലും കേസിന്റെ തുടക്കത്തിൽത്തന്നെ സമ്മർദമുയർന്നു. 13 ജഡ്ജിമാർ ഉൾപ്പെട്ട സുപ്രീം കോടതിയിലെ ഫുൾബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. അതും ചരിത്രമായിരുന്നു. രാജ്യത്തെ വർത്തമാന പത്രങ്ങളിൽ അന്ന് കേശവാനന്ദയുടെയും എടനീർ മഠത്തിന്റെയും പേര് എല്ലാദിവസവും നിറഞ്ഞു. സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹികനന്മയ്ക്കും വേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തിൽ ഭരണകൂടത്തിന് ഭേദഗതികൾ വരുത്താമെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. നീതിന്യായവ്യവസ്ഥയും ഭരണകൂടവും കോടതിയിലും പുറത്തും വാദങ്ങൾകൊണ്ട് ഏറ്റുമുട്ടി. കേസിൽ സർക്കാറിനെതിരായ നിലപാടെടുത്ത ന്യായാധിപന്മാർക്ക് അർഹമായ സ്ഥാനക്കയറ്റം പോലും നിഷേധിക്കപ്പെട്ടു. എന്നാൽ, അന്തിമവിജയം നീതിപീഠത്തിന്റേതായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാർലമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന ചരിത്രവിധി 6:7 ഭൂരിപക്ഷത്തിന് 1973 ഏപ്രിൽ 24നാണ് വന്നത്.
ചരിത്രം രേഖപ്പെടുത്തിയ ചൂടേറിയ വാദവും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും പ്രശസ്ത നിയമജ്ഞൻ ടി.ആർ. ആന്ധ്യാരുജിന 'ദ കേശവാനന്ദ ഭാരതി കേസ്: ദ അൺടോൾഡ് സ്റ്റോറി ഓഫ് സ്ട്രഗിൾ ഫോർ സുപ്രമസി ബൈ സുപ്രീം കോർട്ട് ആൻഡ് പാർലമെന്റ്' എന്ന പുസ്തകത്തിൽ വിസ്തരിച്ചിട്ടുണ്ട്. നിയമവിദ്യാർത്ഥികൾക്കിടയിൽ ചൂടപ്പം പോലെയാണ് ആ പുസ്തകം വിറ്റഴിഞ്ഞത്. ഇന്നും നിയമക്ലാസുകളിൽ കേസ് പഠനവിഷയമാണ്.
മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകൻ കേശവാനന്ദ പത്തൊൻപതാം വയസ്സിൽ 1960 നവംബർ 14നാണ് എടനീർ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതിസ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |